കൊല്ലം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനേയും സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ മരണം കൊലപാതമാണെന്ന സംശയിക്കപ്പെട്ട സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഭര്‍തൃവീട്ടില്‍ നിന്ന് മുന്‍പ് പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് കുടുംബവീടായ ഏറം വെള്ളിശ്ശേരി വീട്ടില്‍ ചികിത്സയില്‍ കഴിയവേയാണ് യുവതിയെ വീണ്ടും പാമ്പുകടിച്ചത്. ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്ര(25)യെ മേയ് ഏഴിനാണ് കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടൂര്‍, പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് ഉത്രയെ പാമ്പുകടിച്ചിരുന്നു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പുകടിയേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. അന്ന് വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.
ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പി. ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരക്കല്‍ സ്വദേശി സൂരജിനെപ്പറ്റി ഉത്രയുടെ രക്ഷിതാക്കള്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്നു. സൂരജിന് പാമ്പുപിടുത്തത്തില്‍ വൈദഗ്ധ്യമുണ്ടെന്നും സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നു.
അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പു പിടുത്തക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹത്തിന്റെ അടുത്തമാസം തന്നെ ഉദ്യോഗ സംബന്ധമായ ആവശ്യത്തിനെന്നു പറഞ്ഞ് തങ്ങളില്‍നിന്ന് 50,000 രൂപ വാങ്ങിയെന്നും വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവുണ്ടെന്നും ഉത്രയുടെ രക്ഷിതാക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിപ്പിച്ച് കാറുകള്‍ വാങ്ങിയെടുത്തുവെന്നും ഒരു തവണ വീട്ടിനുള്ളില്‍ കണ്ട വിഷപാമ്പിനെ സൂരജ് അനായാസേന പാട്ടിലാക്കിയെന്നും ഉത്രയുടെ രക്ഷാകര്‍ത്താക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന സ്വര്‍ണം തിരികെയെടുത്തതും ശിശുക്ഷേമ സമിതി വഴി ഒന്നര വയസ്സുള്ള കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഉത്ര മരിച്ചു കിടക്കുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നില്‍ക്കുകയായിരുന്ന സൂരജ് ഓടിയെത്താന്‍ കൂട്ടാക്കിയിരുന്നില്ല. ഇത് കുടുംബാംഗങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു.
ഉത്രയെ സ്വത്തിന് വേണ്ടി അപായപ്പെടുത്തിയതാണെന്ന് കാട്ടി സൂരജ് ഉത്രയുടെ സഹോദരനെതിരെ എസ്.പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഇത് അന്വേഷണത്തിന്റെ ഗതി മാറ്റാനുള്ള തന്ത്രമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ വിവരങ്ങളും അന്വേഷണോദ്യോഗസ്ഥര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
