ആലപ്പുഴ : ഉപഭോക്താക്കളുടെ താമസസ്ഥലത്തിന് അടുത്തുള്ള റേഷൻ കടയിൽ നിന്ന് സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇന്നുമുതൽ ആരംഭിക്കും. ജനപ്രതിനിധികളുടെ സത്യവാങ്മൂലം വാങ്ങിയവർക്കാണ് ഇഷ്ടമുള്ള റേഷൻ കടയിൽ നിന്നും കിറ്റ് വാങ്ങാൻ സാധിക്കുക. ഈ മാസം 21 വരെയാണ് റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം. റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് മേയ് 25 മുതൽ സപ്ലൈകോ വഴി ഭക്ഷ്യകിറ്റുകൾ വാങ്ങാവുന്നതാണ്. റേഷൻ കാർഡുമായി എത്തുന്നവർക്ക് തിരഞ്ഞെടുത്ത വിൽപ്പന കേന്ദ്രങ്ങൾ വഴി കിറ്റുകൾ ലഭിക്കും. സംസ്ഥാനത്തെ ചിലയിടങ്ങളിലെ റേഷൻ കടകളിൽ ഇത് വരെയും കിറ്റ് എത്തിയിട്ടില്ല. ആ പ്രദേശങ്ങളിലും സപ്ലൈകോ വഴി കിറ്റ് വിതരണം നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കന്യാസ്ത്രീ മഠങ്ങൾ, അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള കിറ്റുകളും സപ്ലൈകോ വഴി വിതരണം ചെയ്യുന്നതാണ്. ജില്ലാ സപ്ലൈ ഓഫീസറുടെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോട് കൂടിയായിരിക്കും കിറ്റുകൾ വിതരണം ചെയ്യുകയെന്ന് മന്ത്രി P തിലോത്തമൻ അറിയിച്ചു.
ഇത് വരെയും 85 ലക്ഷം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. അതേ സമയം 37720 കുടുംബങ്ങൾ കിറ്റുകൾ വേണ്ടെന്ന് വെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
അപേക്ഷ സ്വീകരിച്ച് 24 മണിക്കൂറിനകം റേഷൻ കാർഡുകൾ ലഭ്യമാക്കുന്ന പദ്ധതി പ്രകാരം 17000 കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് വിതരണം ചെയ്തത്. ഇവർക്കുള്ള കിറ്റ് വിതരണം 21നു നടക്കുന്നതാണ്.
