നല്ല ചിരി ആരേയും ആകര്‍ഷിക്കും. മനോഹരമായ പല്ലുകളാണ് നല്ല ചിരിയുടെ അടിസ്ഥാനം. നിരതെറ്റാതെയുള്ള മനോഹരമായ മുല്ലപൂ പോലയുള്ള പല്ലുകള്‍...എന്നാല്‍ നാം കഴിക്കുന്ന ചില ആഹാര പദാര്‍ത്ഥങ്ങള്‍ പല്ലിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നവയാണ്. അവ ഒഴിവാക്കിയോ അല്ലെങ്കില്‍ മിതമായ അളവില്‍ ഉപയോഗിച്ചാല്‍ പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇതാ.
ചായ, കോഫി
രാവിലെ എണ്ണീക്കുമ്പോള്‍ തന്നെയുള്ള ചായ അല്ലെങ്കില്‍ കാപ്പി എല്ലാവരുടേയും ഒരു ശീലമാണ്. എന്നും കുടിക്കുന്ന സമയത്ത് ഒരു ചായ കുടിച്ചില്ലെങ്കില്‍ നമ്മളില്‍ പലരും അസ്വസ്ഥരാകാറുണ്ട്. ഒരു കപ്പ് ചായ കിട്ടിയാലോ...? എന്താ ആശ്വാസം....എന്നാല്‍ ഈ ആശ്വാസം നല്‍കുന്ന ചായ പല്ലുകളെ നശിപ്പിക്കുമെന്നത് മറ്റൊരു സത്യം.
കോഫിയിലെ ടാനിക് ആസിഡ്, കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ കൂടാതെ ചില ചായപൊടിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും. ചായ, കോഫി കുടിക്കുന്നത് നിര്‍ത്താന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് പകരം ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്.
സിട്രിക് പഴവര്‍ഗങ്ങള്‍
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകള്‍ കേട് വരാന്‍ വഴിയൊരുക്കുകയും ചെയ്യും. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും പല്ലുകളുടെ ആരോഗ്യം നിശിപ്പിക്കും.
അച്ചാര്‍
ചോറിന്റെ അരികത്ത് ഇത്തിരി അച്ചാര്‍ വെച്ചാല്‍ കൂട്ടാത്തവര്‍ ആരാണ്? അച്ചാറില്‍ ചേര്‍ക്കുന്ന വിനാഗിരി പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കുന്നു. അതുകൊണ്ട് പല്ല് നന്നായ് ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അച്ചാര്‍ തീറ്റ ഇത്തിരി കുറയ്ക്കുന്നതായിരിക്കും നല്ലത്.
വൈന്‍
വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. റെഡ് വൈന്‍ ഹൃദയത്തിന് നല്ലതാണെന്ന് പറയുമെങ്കിലും മഞ്ഞ നിറമുളള പല്ലുകള്‍ നിങ്ങളുടെ സൗന്ദര്യം കെടുത്തുമെന്ന കാര്യത്തില്‍ സംശയം ഇല്ല.
മധുരമുളള മിഠായി
മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗത്തെ ബാധിക്കും ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും.
ഭക്ഷണ അവശിഷ്ടങ്ങളെ ബാക്റ്റീരിയകള്‍ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങള്‍ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതുമൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പൊത്ത്, പോട് എന്നീ പേരുകളിലും അറിയപ്പെടുന്ന ദന്തക്ഷയം. ശുചീകരണ മാര്‍ഗ്ഗങ്ങളും, ഉമിനീരിലടങ്ങിയിരിക്കുന്ന ധാതുക്കളും അമ്ലങ്ങളുടെ അളവ് കുറയ്ക്കുമ്പോള്‍ ഈ പ്രക്രിയ വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്നു.
ധാതുക്കളുടെയും ജൈവതന്മാത്രകളുടെയും നാശം പല്ലുകളില്‍ പൊത്തുകള്‍ രൂപപ്പെടുത്തുന്നു. സ്റ്റ്രപ്‌റ്റോകോക്കസ്, ലാക്‌റ്റോബേസില്ലസ് വംശത്തില്‍പ്പെട്ട ജീവാണുക്കളാണ് പൊതുവില്‍ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അസഹ്യവേദനയും പല്ലുകള്‍ നഷ്ടപ്പെടുന്നതിനുമിടയാകും.
ദന്തക്ഷയത്തിന്റെ ആരംഭഘട്ടത്തില്‍ ദന്തഉപരിതലത്തില്‍ നേരിയ നിറവ്യത്യാസമുള്ള പുള്ളികള്‍ ഉണ്ടാകും. ഇത് പുരോഗമിക്കുമ്പോള്‍ ഉപരിതലം പരുപരുത്തതാവുകയും, കാലക്രമേണ അവിടെ സുഷിരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. സവിശേഷ ബാക്റ്റീരിയകള്‍ പല്ലിലെ ഭക്ഷണാവശിഷ്ടങ്ങളെ, പ്രത്യേകിച്ച് സുക്രോസ്, ഫ്രക്‌റ്റോസ്, ഗ്ലൂക്കോസ് മുതലായ കാര്‍ബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.
രോഗലക്ഷണങ്ങള്‍
ദന്തക്ഷയമുള്ള ഉരു വ്യക്തി തന്റെ രോഗത്തെപ്പറ്റി ബോധവാനാകണമെന്നില്ല. ദന്തക്ഷയത്തിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണം ദന്ത ഉപരിതലത്തിലെ ധാതുക്കള്‍ അലിഞ്ഞ് പരുപരുത്ത പുള്ളികള്‍ രൂപപ്പെടുന്നതാണ്. നഗ്‌ന നേത്രങ്ങളാല്‍ കാണുവാനാകാത്ത ദ്വാരങ്ങളാണിത്. ഇത് പ്രാഥമിക ദന്തക്ഷയം (ഇന്‍സിപ്പിയന്റ് കേരീസ്) എന്ന് അറിയപ്പെടുന്നു.
ധാതുക്കളുടെ അലിഞ്ഞുപോകല്‍ തുടരുമ്പോള്‍, പരുപരുത്ത പ്രതലങ്ങള്‍ തവിട്ടു നിറമാവുകയും ഒടുവില്‍ ദ്വാരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ദ്വാരങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പുള്ള അവസ്ഥയില്‍ പ്രസ്തുത നശീകരണ പ്രക്രിയയ്ക്ക് പ്രതിപ്രവര്‍ത്തനം സംഭവിച്ചേക്കാം. പക്ഷേ ദ്വാരങ്ങള്‍ രൂപപ്പെട്ടതിനു ശേഷം നഷ്ടപ്പെട്ട ദന്തഘടന പുനര്‍ജ്ജനിപ്പിക്കുവാനാകില്ല. പ്രതിപ്രവര്‍ത്തനം സംഭവിച്ച പ്രാഥമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടു നിറത്തിലും, സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടു നിറത്തിലും കാണുന്നു.
ദന്തക്ഷയം പല്ലിലെ ഇനാമലും, ഡെന്റീനുംനശിപ്പിച്ചു കഴിയുമ്പോഴാണ് സാധാരണ നിരീക്ഷണ വിധേയമാകുന്നത്. രോഗബാധയുള്ള പ്രതലങ്ങള്‍ നിറവ്യത്യാസമുള്ളതും മൃദുവായും കാണുന്നു. ദന്തക്ഷയം ഇനാമലില്‍ നിന്ന് ഡെന്റീനിലെത്തുമ്പോള്‍ അതിനുള്ളില്‍ അടങ്ങിയ സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി വേദന അനുഭവപ്പെടുന്നു.
ഭക്ഷണപാനീയങ്ങളുടെ തണുപ്പ്, ചൂട്, മധുരം, പുളി എന്നിവ ചിലപ്പോള്‍ ഈ വേദന കൂട്ടുന്നു. ദന്തക്ഷയം വായ്നാറ്റത്തിനും വായില്‍ ദുഷിച്ച രുചിക്കും കാരണമാകുന്നു. അത്യധികം പുരോഗമിച്ച ദന്തക്ഷയം പഴുപ്പിനു കാരണമാവുകയും ഇത് സമീപ ശരീരഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ഇത് ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ലുഡ്വിഗ്‌സ് ആഞ്‌ജൈന, കവേര്‍ണസ് സൈനസ് ത്രോമ്പോസിസ് തുടങ്ങിയ സങ്കീര്‍ണ്ണ അവസ്ഥകളായും രൂപാന്തരപ്പെടാം.
ദന്തക്ഷയം സംഭവിക്കുന്നതിന് പ്രധാനമായും നാല് നിദാനങ്ങള്‍ അത്യാവശ്യമാണ്: പല്ല് (പല്ലിലെ ഇനാമല്‍/ഡെന്റീന്‍); ദന്തക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയകള്‍; സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍; സമയം. വ്യക്തികളുടെ പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശൂചീകരണ മാര്‍ഗ്ഗങ്ങളുടെ അവലംബം, ഉമിനീരില്‍ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ സ്വാധീനിക്കുന്നു.
താടിയെല്ലുകള്‍ക്ക് അകത്തുള്ള ഭാഗങ്ങളൊഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലില്‍ നിന്ന് നഷ്ടപ്പെടുന്നത്ര ധാതുക്കള്‍ ഉമിനീരില്‍ നിന്നോ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെയോ (ഫ്‌ലൂറൈഡ് ചികിത്സ) തിരിച്ച് നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകള്‍ പല്ലില്‍ അവശേഷിക്കുന്ന ഇടങ്ങളില്‍ നിന്നാണ് എപ്പോഴും ധാതുക്കള്‍ അലിഞ്ഞു പോകുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ഭൂരിഭാഗവും പല്ലുകളുടെ ഇടഭാഗത്താണ് കാണുന്നതെങ്കിലും, 80% ദന്തക്ഷയവും സംഭവിക്കുന്നത് സാധാരണ ദന്തശുചീകരണ മാര്‍ഗ്ഗങ്ങള്‍ക്കും ഉമിനീരിനും എത്താനാകാത്ത, ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ്(പിറ്റ് കളും ഫിഷ്വര്‍ കളും). മറ്റ് പ്രതലങ്ങളില്‍ ശുചീകരണ മാര്‍ഗ്ഗങ്ങള്‍ എളുപ്പത്തില്‍ എത്തുന്നതിനാല്‍ അവിടെ ദന്തക്ഷയം സംഭവിക്കുന്നത് താരതമ്യേന കുറവാണ്.
നിര്‍ണ്ണയ ഉപാധികളുടെ സഹായമില്ലാതെ ദന്തക്ഷയം മിക്കവാറും കാണുവാനാകുമെങ്കിലും, നേരിട്ടുകാണുവാന്‍ സാധ്യമല്ലാത്ത ഭാഗങ്ങളിലും, പല്ലുകളുടെ ഉള്ളിലെ നാശം നിര്‍ണ്ണയിക്കുന്നതിനും എക്‌സ് റേ പരിശോധനകള്‍ അത്യാവശ്യമാണ്. നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ലേസര്‍ പരിശോധന എക്‌സ് റേയുടെ ദുഷ്ഫലങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കുന്നു. ചികിത്സ ഘട്ടത്തില്‍ വ്യാധിയുടെ വലിപ്പം നിര്‍ണ്ണയിക്കുന്നതിന് ഡിസ്‌ക്ലോസിങ്ങ് സൊല്യൂഷന്‍ ഉപയോഗിക്കുക വഴി കൂടുതല്‍ ഫലപ്രദമായ ചികിത്സ നല്‍കുവാനാകുന്നു.
ഉമിനീര്‍ ഉത്പാദനം കുറഞ്ഞ വ്യക്തികളിലും, അര്‍ബുദ ചികിത്സയുടെ ഭാഗമായ റേഡിയേഷന്‍ ചികിത്സ ഉമിനീര്‍ ഗ്രന്ഥൈകളെ നശിപ്പിച്ച് ഉത്പാദനം കുറയ്ക്കുന്ന അവസരങ്ങളിലും ദന്തക്ഷയം വരുവാനുള്ള സാധ്യത പല മടങ്ങ് വര്‍ദ്ധിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനായി ധാതുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ ലഭ്യമാണ്. മിക്കവാറും എല്ലാ ഭക്ഷണപാനീയങ്ങളുടെയും പി. എച്. മൂല്യം, പല്ലിലെ ധാതുക്കളെ അലിയിക്കുന്ന പി.എച്. മൂല്യമായ 5.5-ലും കുറവായതിനാല്‍, നഷ്ടപ്പെടുന്ന ധാതുക്കള്‍ തിരിച്ചു പ്രവേശിക്കാത്തപക്ഷം ദന്തക്ഷയം ഉറപ്പാക്കുന്നു.
പല്ലിന്റെ നാശത്തിന്റെ തോതനുസരിച്ച് പലതരം ചികിത്സകളിലൂടെ അവയുടെ രൂപവും ധര്‍മ്മവും സൗന്ദര്യവും പുനഃസ്ഥാപിക്കുവാനാകുമെങ്കിലും കൃത്രിമമായി ദന്തകോശജാലങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഇതുവരെ വിജയിച്ചിട്ടില്ല. ചികിത്സയേക്കാളുപരിയായി പ്രതിരോധ മാര്‍ഗ്ഗങ്ങളായ ക്രമീകൃത ദന്ത ശുചീകരണ ഉപാധികളും ഭക്ഷണക്രമത്തിലെ പരിഷ്‌കാരങ്ങളുമാണ് ഇന്ന് എല്ലാ ദന്താരോഗ്യ സംഘടനകളും പ്രചരിപ്പിക്കുന്നത്.









