ന്യൂഡൽഹി : രാജ്യത്ത് പലയിടങ്ങളിലും ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റൊരു പുതിയ മാർഗം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തിലെ മാളുകളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും പ്രീമിയം മദ്യ ബ്രാൻഡുകളുടെ വിൽപ്പന നടത്തുവാനാണ് തീരുമാനം. വരുമാനം കുറഞ്ഞതിനാൽ മദ്യത്തിൽ നിന്നുള്ള വരുമാനം ഉയർത്തുക എന്നതാണ് ഇതിലൂടെ സർക്കാറിന്റെ ലക്ഷ്യം. മദ്യത്തിന്റെ എക്‌സ്സൈസ് തീരുവയിലുമുണ്ട് വർധന.
ഈ ചട്ടം സംസ്ഥാന മന്തിസഭ അംഗീകരിച്ചതായി എക്‌സ്സൈസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് R ഭൂസ്റെഡ്‌ഡി പറഞ്ഞു. മദ്യം വിൽക്കാൻ ഉദ്ദേശിക്കുന്ന മാളുകൾക്ക് കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണം ഉണ്ടായിരിക്കണം. എക്‌സ്സൈസ് കമ്മീഷണർ അംഗീകാരം നൽകുന്ന വിദേശ മദ്യം മാത്രമേ പ്രീമിയം റീട്ടെയിൽ വില്പനശാലകൾക്ക് വിൽക്കാൻ സാധിക്കുകയുള്ളൂ.
സിംഗിൾ ചെയിൻ ബ്രാന്റുകൾക്കും സൂപ്പർ മാർക്കറ്റ് ശൃംഗലകൾക്കും ഇനി മുതൽ മദ്യം വിൽക്കാം. മദ്യത്തിന് പുറമെ പ്രീമിയം ബിയറുകളും വൈൻ ബ്രാന്റുകളും മാളുകളിൽ ലഭ്യമാകും. ഇതിന് വേണ്ടി പ്രത്യേക നിയമം തന്നെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടു വന്നിട്ടുണ്ട്.
