പാലാ : പഴമയിലേയ്ക്കും പ്രകൃതിയിലേയ്ക്കുമുള്ള തിരിച്ചു പോക്കിനും കളമൊരുക്കുകയാണ് ലോക് ഡൗൺ കാലം. പതിറ്റാണ്ടുകൾക്ക് മുൻപ് നാട്ടിൻ പുറങ്ങളിൽ വിശപ്പകറ്റാൻ പ്രസിദ്ധമായിരുന്ന പനമ്പൊടിയും തിരിച്ചുവരവിന്റെ പാതയിലാണ്.
ഏറെ സമയം വേണ്ടി വരുന്ന പനമ്പൊടി തയാറാക്കലിന് ഇപ്പോൾ ആവശ്യം പോലെ സമയം ഉണ്ടെന്നതും ഒരു കാരണമാണ്. സ്വാദിഷ്ടമായ പനമ്പൊടിക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്.
പാലാ അന്ത്യാളം റബ്ബർ ഉല്പാദക സംഘത്തിനു കീഴിലുള്ള ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളാണ് കുടപ്പന വെട്ടി അരിഞ്ഞ് ഇടിച്ചു പൊടിയുണ്ടാക്കുന്നത്. ഇതിനോടകം 2 പനകൾ വെട്ടി നൂറു കിലോയോളം പനമ്പൊടി ഇവർ ഉണ്ടാക്കി കഴിഞ്ഞു. അന്ത്യാളം ആർ. പി. എസ്. പ്രസിഡന്റ് ഔസേപ്പച്ചൻ വെള്ളി മൂഴയിലിന്റെ നേതൃത്വത്തിലാണ് പൊടി തയാറാക്കുന്നത്.
ആദ്യ പന വെട്ടി അറുഞ്ഞെടുത്തത് രണ്ടാഴ്ച കൊണ്ടാണ്. 750 കിലോ പച്ചപ്പൊടി ഉണക്കിയപ്പോൾ നൂറു കിലോയോളം പൊടി ലഭിച്ചു. സ്വാദിഷ്ടമായ പലഹാരങ്ങളുണ്ടാക്കാൻ കഴിയുന്ന പനമ്പൊടിക്ക് ആവശ്യക്കാരും ഏറി . ഏഴാച്ചേരി നാട്ടു ചന്ത വഴി മുഴുവൻ പൊടിയും വിറ്റു തീർന്നു. ഇതോടെ അടുത്ത പന വെട്ടി. പന വെട്ടി അരിയുന്നതും ഇടിച്ചു പൊടിക്കുന്നതും ഏറെ അധ്വാനം വേണ്ട പണിയാണ്. ഇടിച്ചു പൊടിക്കുന്നതിനൊപ്പം കുറേ ഭാഗം മില്ലിലും പൊടിച്ചെടുക്കുന്നു. പണ്ട് ക്ഷാമകാലത്ത് പന വെട്ടി അരിഞ്ഞ് ഇടിച്ച് പൊടിയുണ്ടാക്കി അതു കൊണ്ട് ജീവിതം കഴിച്ചുകൂട്ടിയ നാളുകൾ പഴയ തലമുറയുടെ ഓർമ്മകളിലിന്നുമുണ്ട്. .
ഔസേപ്പച്ചനൊപ്പം കുട്ടിച്ചൻ കല്ലാച്ചേരിൽ, സിബി ഓടയ്ക്കൽ, അനിൽകുമാർ അനിൽ സദനം, സിബി മഠത്തിൽ, തൊമ്മച്ചൻ കല്ലാച്ചേരിൽ, ജോസ് തൊണ്ടിക്കൽ, മാത്തുക്കുട്ടി വെള്ളി മൂഴയിൽ എന്നീ കർഷകർ കൂടി ചേർന്നാണ് പന വെട്ടി അരിയുന്നത്.
