മലയാളികള്‍ക്കിടയില്‍ അത്ര പ്രാധാന്യം ലഭിക്കാത്ത ഒരു ഭക്ഷണം ആണ് സൂപ്പ്. അത് ഉണ്ടാക്കാനോ അതിനായ് മിനക്കിടാനോ ആരും തയ്യാറാകുന്നില്ല എന്നതാണ് സത്യം. വളരെയധികം ആരോഗ്യ സമ്പുഷ്ടമായ ഒരു വിഭവമാണ് സൂപ്പ്. പച്ചക്കറികള്‍ ഉപയോഗിച്ചു കൊണ്ടും, പല തരത്തിലുള്ള ഇറച്ചി വിഭവങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള സൂപ്പുകള്‍ ഇന്ന് ലഭ്യമാണ്. ഓരോന്നിനും ഓരോ ഗുണവും. ഇതില്‍ ഏറ്റവും പോഷക സമ്പുഷ്ടമായ സൂപ്പ് ആടിന്റേതാണ്. അതുകൊണ്ട് തന്നെയൈണ് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി ആട്ടിന്‍ സൂപ്പ് ഉണ്ടാക്കി കൊടുക്കുന്നത്.
വിശപ്പു കുറയ്ക്കുക വണ്ണം കുറയ്ക്കുക, അസുഖത്തിന് പറ്റിയ ഭക്ഷണം എന്നിങ്ങനെ സൂപ്പിന്റെ ഗുണങ്ങള്‍ ധാരാളമുണ്ട്.ആസ്തമ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൂപ്പ് വളരെ നല്ലതാണ്. ഇവയില്‍ ചേര്‍ക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവയെല്ലാം ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ളവയാണ്. സൂപ്പിലൂടെ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും.
വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നമെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നിക്കും. അങ്ങനെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. പച്ചക്കറി കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കുള്ളില്‍ പച്ചക്കറി എത്തിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. അസുഖമുള്ള സമയത്ത് കഴിയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണിത്. പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സൂപ്പ് നല്ലതാണ്.
കടയില്‍ നിന്നും വാങ്ങുന്ന സൂപ്പുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ടാകില്ല. സൂപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. സൂപ്പിനൊപ്പം പാല്‍, ക്രീം എന്നിവ ചേര്‍ക്കുന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദോഷം ചെയ്തെന്നു വരും. സൂപ്പിന് കൊഴുപ്പുണ്ടാകാന്‍ കോണ്‍ഫ്ളോര്‍, മൈദ എന്നിവ ചേര്‍ക്കരുത്. ഇത് സൂപ്പിന്റേതായ എല്ലാ ഗുണവും കളയുകയാണ് ചെയ്യുക.
ചില അസുഖങ്ങള്‍ക്ക് ചില പ്രത്യേക തരം സൂപ്പുകള്‍ ഗുണം ചെയ്യും. അമിത വണ്ണമുള്ളവര്‍ക്ക് ക്യാബേജ് സൂപ്പ് ഗുണം ചെയ്യും. രക്തം കട്ടി പിടിക്കാത്ത അസുഖത്തിന് ഒണിയന്‍ സൂപ്പ് നല്ലതാണ്.
വിളര്‍ച്ച പരിഹരിക്കാനും രക്തമുണ്ടാകാനും ചീര കൊണ്ടുണ്ടാക്കുന്ന സൂപ്പ് നല്ലതാണ്. പയര്‍ സൂപ്പ് മാംസ്യം ലഭിക്കാന്‍ വളരെ നല്ലതാണ്. പ്രത്യേകിച്ച് വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്ക്. പലവിധ പച്ചക്കറികളുടെ ഗുണം ഒരുമിച്ചു കഴിയ്ക്കാന്‍ മിക്സഡ് വെജിറ്റബിള്‍, ചിക്കന്‍ സൂപ്പ് നല്ലതാണ്.
കൂടാതെ തണുപ്പുകാലത്ത് ഏറ്റവും ഗുണമുള്ള വിഭവമാണ് സൂപ്പുകള്‍. മഞ്ഞ് കാലങ്ങളില്‍ ഉണ്ടാകുന്ന ജലദോഷം, ചുമ, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്നത് ഇവയ്ക്കെല്ലാം നല്ല ശമനമാണ് സൂപ്പ് നല്‍കുക. വെജിറ്റബിള്‍, ചിക്കന്‍, മട്ടണ്‍, േകാണ്‍ ഇങ്ങനെ ലിസ്റ്റില്‍ സൂപ്പുകളുടെ നീണ്ട നിര തന്നെ ഉണ്ടെങ്കിലും ചിക്കന്‍ സൂപ്പാണ് കുറച്ച് കൂടെ നല്ലത്.
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ചിക്കന്‍. ഈ ഗുണങ്ങള്‍ ചോരാതെ ലഭിക്കണമെങ്കില്‍ സൂപ്പ് തന്നെയാണ് ഉത്തമം. മാത്രമല്ല ചിക്കനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സെറൊട്ടോണിന്‍ എന്ന പദാര്‍ത്ഥം ഉണ്ടാക്കാന്‍ സഹായിക്കും.
സെറൊട്ടോണിന്‍ സന്തോഷം ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ത്ഥമെന്നാണ് അറിയപ്പെടുന്നത്. മൂടിക്കെട്ടിയിരിക്കുന്ന മൂഡ് മാറാന്‍ ഇത് വളരെയധികം സഹായിക്കും. ദഹനം പെട്ടെന്ന് നടക്കാനും ചിക്കന്‍ സൂപ്പ് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് പത്തോ പതിനഞ്ചോ മിനുറ്റ് മുമ്പായി അല്‍പം ചിക്കന്‍ സൂപ്പ് കുടിച്ചാല്‍ അത്രയും ഭക്ഷണം ഒറ്റയടിക്ക് ചെല്ലുമ്പോഴുള്ള ദഹന പ്രശ്നങ്ങള്‍ കുറയും.
സൂപ്പ് തയ്യാറാക്കുമ്പോള്‍ പച്ചക്കറികളും ചേര്‍ക്കുന്നത് നല്ലതാണ്. കാരറ്റ്, സെലറി, ഉളളി, ഇവയെല്ലാം സൂപ്പിന് യോജിച്ച പച്ചക്കറികളാണ്. മഞ്ഞ് കാലത്ത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ തരുന്ന ചിക്കന്‍ സൂപ്പിനൊപ്പം അവശ്യം വിറ്റാമിനുകളും കൂടി ചേര്‍ന്നാല്‍ ശരീരത്തിന് ഇരട്ടി സന്തോഷം ലഭിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും പുറത്ത് നിന്ന് വാങ്ങുന്ന സൂപ്പ് ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മറക്കരുത്. ചിക്കന്‍ വാങ്ങിച്ച് നമ്മള്‍ തന്നെയുണ്ടാക്കുന്ന സൂപ്പിന് മാത്രമേ മേല്‍ പറഞ്ഞ ഗുണങ്ങളുണ്ടാകൂ. തണുപ്പിനെയും തണുപ്പുകാല പ്രശ്നങ്ങളെയും ചെറുക്കാന്‍ അത്രയും ഉത്തമമാണ് സൂപ്പ്.



