തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കേന്ദ്ര ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ ഇളവുകള്‍പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയ് 26ന് നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിനു പുറത്തുനിന്നെത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കമൂലമുള്ള കോവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടപോയത്.
പരീക്ഷ നടത്തിപ്പിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്തുന്നതില്‍നിന്ന് പിന്നോട്ടു പോകില്ലെന്നും ആര്‍ക്കും ആശങ്കയുടെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു.
