തിരുവനന്തപുരം: കോവിഡുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാര്‍ത്ത സമ്മേളനം പിആര്‍ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം നടത്തുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവര്‍ത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ''നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ഇതാദ്യമായി കാണുകയല്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ മറ്റാരുടെയെങ്കിലും ഉപദേശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമന്യബുദ്ധിയുള്ളവരാരും പറയില്ലെന്നും'' മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്
''നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നത്. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിക്കുന്നത്. നമ്മള്‍ തമ്മില്‍ ആദ്യമായല്ലല്ലോ കാണുന്നത്. കുറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധയുമുള്ള ആരും പറയില്ല.
ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ. എന്നാല്‍ ഞാന്‍ ആ പി.ആര്‍ എജന്‍സിയെ ബന്ധപ്പെടേണ്ടെ. എന്റെ ചെവിട്ടില്‍ നിങ്ങളുടെ ചെവിട്ടില്‍ വെക്കുന്നത് പോലുള്ള സാധനമൊന്നുമില്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറില്ലേ. അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യിലില്ലല്ലോ.
ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്ത് നല്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.''
