ആലപ്പുഴ: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പ്ലസ്ടു വിദ്യാർഥിയായ ആദിത്യന്റെയും(16) ചെറുകോൽ സ്വദേശി ബിനിഷിന്റെയും(40) മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച രാവിലെ 8.30നു അച്ചൻകോവിലാറ്റിൽ ചെന്നിത്തല വലിയപെരുമ്പുഴ കടവിലാണ് പള്ളിയോടം മറിഞ്ഞത്. അഗ്നിരക്ഷാസേന, സ്കൂബ ഡൈവിങ് ടീം, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
ആറന്മുളയ്ക്കു പുറപ്പെടുന്നതിനു മുൻപായി പള്ളിയോടം മുൻപോട്ടു പോയി തിരികെ വരുന്ന ചടങ്ങുണ്ട്. ഇതിനായി പള്ളിയോടം തിരിക്കുന്നതിനിടെ മറിയുകയായിരുന്നു.