എവിടെയും തെരുവ് നായ്ക്കളും പേ വിഷബാധയും മാത്രം ചർച്ചയാകുമ്പോൽ പലവിധ സംശങ്ങളാണ് പൊതുജനങ്ങൾക്ക് ഉള്ളത്. വളർത്തുമൃഗങ്ങൾക്ക് കടിയേൽക്കുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പേവിഷബാധയേറ്റ വളർത്തുമൃഗം അസ്വാഭാവിക ലക്ഷണം കാട്ടിയാൽ തല്ലിക്കൊല്ലുന്ന പ്രവണത തെറ്റാണെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിക്കുന്നു. പേവിഷബാധയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ജനത്തിന് അവബോധം ഇല്ലാത്തതു പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യ വകുപ്പും പറയുന്നത്.
പേവിഷബാധ വളർത്തുമൃഗങ്ങളിൽ
നായ, പൂച്ച, പശു, ആട്, എരുമ തുടങ്ങിയവയ്ക്ക് രോഗബാധയേറ്റാൽ സാധാരണ 3 മുതൽ 7 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാവും. ചില സാഹചര്യത്തിൽ 8 മാസം വരെ നീളാനും സാധ്യതയുണ്ട്. ക്രുദ്ധരൂപം, മൂകരൂപം എന്നിങ്ങനെ ലക്ഷണങ്ങളാണുള്ളത്. ക്രുദ്ധരൂപം ആക്രമണോത്സുകമാണ്. ഭയപ്പെടുത്തുന്ന ശാന്തതയാണു മൂകരൂപം.
ലക്ഷണങ്ങൾ ഇങ്ങനെ
അനുസരണക്കേടു കാട്ടുക, കണ്ണുകൾ ചുവക്കുക, ശബ്ദം വ്യത്യാസം വായിൽ നിന്ന് ഉമിനീർ ഒലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടുക, കണ്ണിൽ കാണുന്നതെല്ലാം കടിക്കുക തുടങ്ങിയത് ക്രുദ്ധ രൂപത്തിന്റെ ലക്ഷണങ്ങളാണ്.ഉന്മേഷമില്ലായ്മ, ഇരുട്ടത്ത് ഒളിച്ചിരിക്കുക തളർവാത ഭാവം, വേച്ചുള്ള നടത്തം, ശ്വസന തടസ്സം തുടങ്ങിയവ മൂക രൂപത്തിന്റെ ലക്ഷണങ്ങളാണ്.
പശുക്കളിലും ആടുകളിലും
പശുക്കളിലും ആടുകളിലും രോഗം പ്രകടമാവാൻ 2 മുതൽ 12 ആഴ്ച വരെയെടുക്കും. വിഭ്രാന്തി, അക്രമ സ്വഭാവം.പേശികൾ വലിഞ്ഞു മുറുക്കി പ്രത്യേക ശബ്ദത്തിൽ നീട്ടിയുള്ള കരച്ചിൽ, കൈകാലുകൾ കൊണ്ട് തറയിൽ മാന്തുകയോ ചവിട്ടുകയോ ചെയ്യൽ, ഉമിനീർ അമിതമായി പതഞ്ഞൊഴുകുക തീറ്റയിറക്കാനുള്ള പ്രയാസം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, കെട്ടിയ കയറും കുറ്റിയും കടിച്ചു പറിക്കൽ, പല്ലുകൾ കൂട്ടിയുരുമൽ, കാലുകൾക്ക് തളർച്ച ബാധിച്ച് വീഴുക തുടങ്ങിയവയെല്ലാം കാലികളിലെ പേവിഷബാധാ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ പ്രകടമായി 3 മുതൽ 7 ദിവസത്തിനകം മരണം സംഭവിക്കും.
വൈറസിന്റെ ആകൃതി
മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒരു വെടിയുണ്ടയുടെ ആകൃതിയാണു പേവിഷബാധയ്ക്ക് കാരണമായ റാബീസ് ലിസാ വൈറസുകൾക്ക്. ശരീരത്തിൽ കയറിയാൽ വെടിയുണ്ടയെക്കാൾ അപകടകാരികളാണ് ഈ വൈറസ്. നാഡീവ്യൂഹത്തിനും മസ്തിഷ്‌കത്തിനുമാണു ബാധിക്കുന്നത്. ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയാൽ ഏറിയപങ്കും മരണം ഉറപ്പ്.
പ്രധാന സ്രോതസ്സ്
നായ്ക്കളാണ് പേവിഷബാധയുടെ പ്രധാന സ്രോതസ്സെങ്കിലും കീരി, പെരുച്ചാഴി, കുറുക്കൻ, കുറുനരി, കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാണ്. പേവിഷ ബാധയേറ്റ ജീവികളുടെ കടിയേൽക്കുകയോ ശരീരത്തിലെ മുറിവുകളിൽ ഉമിനീർ പുരളുകയോ ചെയ്താൽ മനുഷ്യരെ മാത്രമല്ല വളർത്തുമൃഗങ്ങളെയും രോഗം ബാധിക്കും. രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിനും 3-5 ദിവസം മുൻപ് മുതൽ ഉമിനീരിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാവും.
സംശയം തോന്നിയാൽ
വളർത്തുമൃഗങ്ങൾ അകാരണമായി കടിക്കുകയോ പേവിഷ ബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താൽ അവയെ സുരക്ഷിതസ്ഥലത്തു മാറ്റിപ്പാർപ്പിച്ച് ആഹാരവും വെള്ളവും നൽകി 10 ദിവസം നിരീക്ഷിക്കണം. കൊല്ലാൻ പാടില്ല. കാരണം രോഗമൂർധന്യത്തിൽ മാത്രമേ രോഗം ശാസ്ത്രീയമായി കണ്ടെത്താനാവൂ. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ അവയുടെ ഉമിനീരുമായി സമ്പർക്കമോ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ നിർദേശാനുസരണം പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കണം. മാറ്റിപ്പാർപ്പിച്ച വളർത്തുമൃഗങ്ങൾക്ക് ഈ സമയത്തിനുള്ളിൽ സ്വാഭാവിക മരണം സംഭവിച്ചാൽ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി അടുത്തുള്ള രോഗ നിർണയ കേന്ദ്രങ്ങളിൽ എത്തിക്കണം.മൃഗ സംരക്ഷണ വകുപ്പിന്റെ സഹായം തേടാം.