കോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യവും ദീർഘകാലം കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ സ്മരണാർത്ഥം കേരളത്തിലെ ഏറ്റവും മികച്ച എംഎൽഎക്ക് നൽകുന്ന ഈ വർഷത്തെ പുരസ്കാരത്തിന് മോൻസ് ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതായി ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു .
അവാർഡ് ജേതാവിന് പുരസ്കാരമായി 25000/- രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തികൾക്കും മാതൃക ജനപ്രതിനിധികൾക്കും ഇതോടൊപ്പം പുരസ്കാരം സമ്മാനിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അവാർഡ്ദാന സമ്മേളനം ഒക്ടോബർ 8-ാം തീയതി വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം റീജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നതാണ്. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.