കൊച്ചി: പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന 520 കോടിയുടെ കൊക്കെയിനും ഡി.ആര്‍.ഐ പിടികൂടി.
ഗ്രീന്‍ആപ്പിൾ കാര്‍ട്ടന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഡിആര്‍ഐയുടെ ഓപ്പറേഷന്‍.
മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്.
ഇതോടെ ഒരാഴ്ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡി.ആര്‍.ഐ പൊളിച്ചിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ രണ്ട് തവണ ലഹരി കണ്ടെത്തിയതോടെ കൂടുതല്‍ ഗൗരവമായ അന്വേഷണത്തിലേക്ക് പോയിരിക്കുകയാണ് ഡി.ആര്‍.ഐ സംഘം.
സംഭവവുമായി ബന്ധപ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റേയടക്കം സഹായം തേടിയിരിക്കുകയാണ് ഡി.ആര്‍.ഐ. 198 കി.ലോഗ്രാം മെത്താംഫെറ്റാമിനും ഒമ്പത് കിലോഗ്രാം കൊക്കെയിനുമായിരുന്നു ഇവരില്‍ നിന്ന് ആദ്യം പിടികൂടിയത്. ഇന്ന് പിടികൂടിയതും മുഴുവന്‍ കൊക്കെയിന്‍ ആണ്.