അനധികൃതമായി മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് എതിരേ പിഴ ഉൾപ്പെടെയുള്ള നടപടിയുമായി സർക്കാർ. ‘ഓപ്പറേഷൻ യെല്ലോ’ എന്ന പേരിൽ സംസ്ഥാന തലത്തിൽ അനധികൃത കാർഡുകൾക്ക് എതിരെ നടപടി സ്വീകരിച്ചുവരികയാണ്.
വീടുകളിൽ നേരിട്ട് പരിശോധന നടത്തുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായിരിക്കുകയും മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുകയും ചെയ്തിരിക്കുന്നവർക്ക് എതിരെയാണ് നടപടി.
1000 ചതുരശ്ര അടിയിലധികമുള്ള വീട്, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിലധികം സ്ഥലം, വിദേശ ജോലിയിൽ നിന്ന് ഉൾപ്പെടെ പ്രതിമാസം 25,000 രൂപത്തിലധികം വരുമാനം, ഉപജീവന മാർഗമായ ടാക്സി അല്ലാത്ത നാലുചക്ര വാഹനം സ്വന്തമായുള്ളവർ, ഇൻകം ടാക്സ് അടയ്ക്കുന്നവർ, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപന ജീവനക്കാരോ പെൻഷൻകാരോ എന്നിവയിൽ ഏതെങ്കിലും ഉണ്ടായിരിക്കുന്നവർക്ക് മുൻഗണനാ കാർഡിന് അവകാശമില്ല.
അനർഹമായി ഇത്തരം കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെപ്പറ്റി അറിവുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. ടോൾ ഫ്രീ നമ്പർ 1967, കൂടാതെ 9188527301, 9188527409, 04902494930 എന്നീ നമ്പറുകളിലും വിവരം അറിയിക്കാം. അനധികൃത കാർഡുകളെപ്പറ്റി വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ ഒരു കാരണവശാലും പുറത്തുവിടില്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.