മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനമായി. നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ കോട്ടയം കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഈരാറ്റുപേട്ട വാഗമൺ റോഡ്, തീക്കോയി ഗ്രാമ പഞ്ചായത്തിലെ മാർമ്മല ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ സ്ഥലം ഏറ്റെടുപ്പ് പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള റോഡിന് സ്ഥലം ഏറ്റെടുപ്പ്, തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട് 33 കെ വി സബ് സ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ്, ഈരാറ്റുപേട്ട ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പ് എന്നിവ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്.
ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗത്തിൽ എം.എൽ.എ നിർദേശിച്ചു. സ്ഥലം ഏറ്റെടുപ്പിന് ആവശ്യമായ സഹായങ്ങൾ എംഎൽഎ എന്ന നിലയിലും സ്ഥലം ഉടമകളിൽ നിന്നും ചെയ്തു നൽകാനാവും. സർവ്വേ അടക്കമുള്ള നടപടികൾ വേഗത്തിൽ ആക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഇടപെടൽ ഉണ്ടാകണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.
ജീവനക്കാരുടെ കുറവ് മൂലമാണ് സർവ്വേ നടപടികൾക്ക് തടസം നേരിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു പരിഹരിക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും എംഎൽഎ വാഗ്ദാനം ചെയ്തു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ്, എൽ.എ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, കെഎസ്ഇബി, റവന്യൂ, കിഫ്ബി, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ലിമിറ്റഡ്, സർവ്വേ വകുപ്പ് എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.