പാലാ നഗരസഭാ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മുൻസിപ്പൽ കൗൺസിലേഴ്സും ജീവനക്കാരും പങ്കെടുത്ത സൗഹൃദ കായികമത്സരം ലോകകപ്പ് മത്സരത്തിൻ്റെ ആവേശവും കൗതുകവും നിറയ്ക്കുന്നതായി. രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മറന്ന് പൊട്ടിച്ചിരിയോടെയാണ് എല്ലാവരും മത്സരങ്ങളിൽ പങ്കെടുത്തത്.
ഗ്രിഡ് 35 ടര്‍ഫ് ഗ്രൗണ്ടില്‍ ഇന്നലെ നടന്ന കായികമേള ഏറെ ശ്രദ്ധേയമായി. നഗരസഭാ യോഗത്തിൽ കൊണ്ടും കൊടുത്തും കൊമ്പുകോർക്കുന്നവർ എല്ലാം മറന്ന് ആസ്വദിച്ച് തന്നെ മത്സരങ്ങളിൽ പങ്കുചേർന്നു.
ആവേശകരമായ ഫുട്‌ബോൾ ഷുട്ടൗട്ട് മത്സരത്തിൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം ഗോളിയായി. എന്നാൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ കിക്ക് തടുക്കാനായില്ല.അത് ഗോളായി. ആന്റോ ജോസ് ഗോളിയായപ്പോൾ ബിനു പുളിക്കക്കണ്ടത്തിന്റെ ഗോൾ തടയുകയും ചെയ്തു.
അതിനു പകരം വീട്ടിക്കൊണ്ടു ക്രിക്കറ്റ് മത്സരത്തിൽ ചെയർമാന്റെ ടീമിനെ തോൽപ്പിച്ച് ബിനു പുളിക്കക്കണ്ടത്തിന്റെ ടീം വിജയിച്ചു. വനിതകളുടെ പെനാൽറ്റി ഷുട്ടൗട്ട് മത്സരത്തിൽ ആർ സന്ധ്യ മൂന്ന് ഗോളടിച്ച് വിജയിച്ചു.
ഷീബ ജിയോ, ജോസിൻ ബിനോ, മായ പ്രദീപ് എന്നിവർ തൊട്ടുപിറകെ രണ്ടു ഗോളുകളടിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഫുട്‌ബോൾ മത്സരത്തിൽ കൗൺസിലർമാരായ ജോസ് ചീരാൻകുഴി, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട് ബിജോയി ജോസഫ്, ജൂഹി മരിയ ടോം,സുരഭിൽ ,മിഷൻ മാത്യു എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്.
കൗൺസിലർമാരുടെയും ജീവനക്കാരുടെയും കായിക മത്സരങ്ങൾ ഇന്നും തുടരും. വൈകിട്ട് അഞ്ചു മുതൽ ഏഴുവരെയാണ് മത്സരങ്ങൾ നടക്കുന്നത്. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്. നേതാക്കളുടെ മത്സരം കാണുവാൻ നിരവധി കാണികളുമെത്തിയിരുന്നു.