പാലാ റോട്ടറി ക്ലബ്ബിന്റെ സ്ഥാപക മെമ്പർമാരിലൊരാളായിരുന്ന കെ റ്റി തോമസ് ജൈവ കൃഷി, കമ്പോസ്റ്റ് നിർമാണം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, സോളാർ ഊർജ്ജ ഉപയോഗം, ബയോടെക്‌നോളജി മുതലായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ദീർഘവീക്ഷണമുള്ള ആദ്യകാല പ്രവർത്തകനായിരുന്നു.
കുരിയനാട് മറ്റത്തിൽ ജോർജ് മാത്യു ആണ് അവാർഡ് ജേതാവ്. അദ്ദേഹം കഴിഞ്ഞ 60 വർഷങ്ങളായി മുഴുവൻ സമയ സമ്മിശ്ര കർഷകനാണ്. ഫലവൃക്ഷങ്ങൾ, നാണ്യവിളകൾ, സുഗന്ധവിളകൾ, പച്ചക്കറി, കൈത എന്നിവ അദ്ദേഹം കൃഷി ചെയ്യുന്നു.
ജൈവ കൃഷി മാത്രമാണ് ചെയ്യുന്നത്.അനുബന്ധമായി മീൻ വളർത്തൽ, ആട് വളർത്തൽ, തേനീച്ച വളർത്തൽ, കമ്പോസ്റ്റ് നിർമാണം എന്നിവയും ഉണ്ട്. ചെറു തേനീച്ചയുടെ വൻ ശേഖരം ഉണ്ട്. സോളാർ മുതലായ പാരമ്പര്യേതര ഊർജ സ്രോതസുകൾ പ്രയോജനപ്പെടുത്തുന്നു.
പരീക്ഷണ നിരീക്ഷണങ്ങൾ വഴി തനതായ കൃഷി രീതികൾ വികസിപ്പിച്ചെടുത്തു. മറ്റുള്ളവരുമായി അറിവ് പങ്കു വയ്ക്കുന്നു. പരിശീലനം കൊടുക്കുന്നു. ഗവേഷണം തുടരുന്നു. സർക്കാർ, സ്വകാര്യ ഏജൻസികൾ എന്നിവയുടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പാലാ റോട്ടറി ക്ലബ് ഹാളിൽ റോട്ടറി പ്രസിഡണ്ട് പി വി ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം എൽ എ മാണി സി കാപ്പൻ മുഖ്യ പ്രഭാഷണവും അവാർഡ് ദാനവും നടത്തി. സെക്രട്ടറി ജയമോഹൻ നെല്ലാനിക്കൽ, അവാർഡ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ജെയിംസ് കാരപ്പള്ളി, കെ റ്റി തോമസിൻറെ പുത്രൻ തോമസ് കുരുവിനാക്കുന്നേൽ, അവാർഡ് ജേതാവ് ശ്രീ ജോർജ് മാത്യു മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.










