വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗത്തിലും വർദ്ധനവ്. കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 86.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇത്തവണ സര്‍വ്വകാല റെക്കോഡ് ഉപയോഗമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നത് കൊള്ള നിരക്കായതിനാൽ പീക്ക് സമയത്തെ വൈദ്യുത ഉപയോഗം പരമാവധി കുറക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ അഭ്യര്‍ത്ഥന.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഇരുപത്തിയൊമ്പതിന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കേരളത്തിലെ സര്‍വ്വകാല റെക്കോര്‍ഡ്. അന്ന് ചൂട് നാല്പത്തിരണ്ട് ഡിഗ്രിയായിരുന്നു. ഇന്നിപ്പോള്‍ മാര്‍ച്ച് ആയപ്പോഴേ പലയിടത്തെയും താപനില നാല്പത് ഡിഗ്രി പിന്നിട്ടു.
പീക്ക് സമയമായ രാത്രി ഏഴ് മുതല്‍ പതിനെന്ന് മണിവരെയാണ് സംസ്ഥാനത്ത് വൈദ്യുതി കൂടുതലായി വേണ്ടി വരുന്നത്. ഡാമുകളില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പാദനം കൊണ്ട് വൈദ്യുതി ആവശ്യങ്ങള്‍ നേരിടാനാകില്ല. പീക്ക് സമയത്തേക്കായി വിവിധ കരാര്‍ പ്രകാരം പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നുണ്ട്.
മാര്‍ച്ച് ഏഴിലെ പീക്ക് സമയത്തെ ആവശ്യം 4284 മെഗാ വാട്ടായിരുന്നു. ഉപയോഗം കൂടിയാല്‍ കൂടിയ വിലക്ക് വൈദ്യുതി അധികമായി വാങ്ങേണ്ടി വരും. ഇങ്ങനെ വില്‍ക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് അമ്പത് രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കി.
അതുകൊണ്ട് പീക്ക് സമയത്ത് വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഡാമുകളില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറവ് ജലമാണുള്ളത്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 47.61 ശതമാനേ വെള്ളമുള്ളു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എഴുപത് ശതമാനം വെള്ളമുണ്ടായിരുന്നു.










