പാലാ: കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ പോഷകസംഘടനയായ കർഷക യൂണിയന്റെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം 10,11 തീയതികളിൽ തൊടുപുഴയിൽ നടക്കും. ഒന്നരയ്ക്ക് പാലായിൽ കെ.എം.മാണി സ്മൃതി കുടീരത്തിൽ നിന്നാരംഭിക്കുന്ന കർഷക ജ്യോതി പ്രയാണം മൂന്നരയ്ക്ക് സമ്മേളന വേദിയായ കെ.എം.മാണി നഗറിൽ (മാടപറമ്പിൽ റിവർ ബാങ്ക്സ്) എത്തിച്ചേരും.
തുടർന്ന് സംസ്ഥാന പ്രസിഡന്റ് റജി കുന്നങ്കോട്ട് പതാക ഉയർത്തും. നാലു മണിക്ക് ആരംഭിക്കുന്ന സംസ്ഥാന പ്രതിനിധിസമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാർടി ചെയർമാൻ ജോസ് കെ മാണി എം.പി നിർവ്വഹിക്കും. പ്രസിഡന്റ് റജി കുന്നങ്കോട്ട് അദ്ധ്യക്ഷതവഹിക്കും.
പാർട്ടി നിയമസഭാ കക്ഷി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ പ്രസംഗിക്കും. വൈകിട്ട് ആറിന് നടക്കുന്ന വികസന സെമിനാറിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി റ്റി.കെ.ജോസ് ഐഎഎസ് വിഷയാവതരണം നടത്തും. തുടർന്ന് അദ്ധ്വാന വർഗ്ഗസിദ്ധാന്തം അടിസ്ഥാനപ്പെടുത്തി പയസ് കുര്യൻ ക്ലാസ്സ് നയിക്കും.
രണ്ടാം ദിനത്തിൽ രാവിലെ ഒൻപതിന് കാർഷിക മേഖലയും ഭൂപ്രശ്നങ്ങളും സംബന്ധിച്ച് ക്ലാസ്സ് നടക്കും. കാർഷിക കടാശ്വാസ കമ്മീഷനംഗം ജോസ് പാലത്തിനാലും കേരള സെറാമിക്സ് ചെയർമാൻ കെ.ജെ. ദേവസ്യായും ക്ലാസ്സ് നയിക്കും. പതിനൊന്നരയ്ക്ക് ആരംഭിക്കുന്ന കാർഷിക സംരംഭകത്വ സെമിനാറിന് നബാർഡ് മുൻ ഡപ്യൂട്ടി ജനറൽ മാനേജർ ഷാജി സഖറിയ നേതൃത്വം നൽകും.
സംസ്ഥാന സർക്കാരിന്റെ യുവ കർഷക അവാർഡു ജേതാവും ഇസ്രായേൽ പഠന സംഘാംഗവുമായിരുന്ന മാത്തുക്കുട്ടി ടോം അനുഭവങ്ങൾ പങ്കു വെക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സംഘടനാ ചർച്ചകൾ ആരംഭിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴിക്കാടൻ എം.പി, എം.എൽ എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, പാർട്ടി ഉന്നതാധികാര സമിതിയംഗങ്ങളായ ഫിലിപ്പ് കുഴികുളം, കെ.എ ആന്റണി, കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ് , ഇസഡ് എം ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, ജിജോ വാളിയംപാക്കൽ, മാത്യു പൊട്ടംപ്ലാക്കൽ, ജെഫിൻ കൊടുവേലിൽ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.










