കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ വിദഗ്ധസംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ഷിന രംഗത്ത് വന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന റിപ്പോര്‍ട്ടാണ് വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
'മെഡിക്കല്‍ കോളേജില്‍ നിന്നല്ലെങ്കില്‍ എവിടെ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് പറയണം. ഞാന്‍ വിഴുങ്ങിയതാണോ? മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു. നീതി കിട്ടും വരെ പോരാടും.'- ഹര്‍ഷിന പറഞ്ഞു.
2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനയാണ് അഞ്ചുവര്‍ഷം വയറ്റിനുള്ളില്‍ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.
അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ഇവ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.










