ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തില്‍ സുപ്രധാന ഉത്തരവുമായി സുപീംകോടതി. നിലവിലെ നിയമന രീതി മാറ്റണമെന്ന് നിര്‍ദേശിച്ച കോടതി ഇതിനായി മൂന്നംഗ സമിതിയെയും നിശ്ചയിച്ചു.
പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. ഈ സമിതിക്കാകും തെരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ദേശിക്കാനുള്ള അധികാരം. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. മൂന്നംഗ സമിതിയുടെ ഉപദേശ പ്രകാരം ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും ഇലക്ഷന്‍ കമ്മീഷണര്‍മാരെയും രാഷ്ട്രപതിക്ക് നിയമിക്കാമെന്നും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവാകും സമിതിയിലെ അംഗം.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.










