പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. സ്റ്റാൻഡിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിച്ചത്. വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. തുടർന്ന് പാലാ പൊലീസ് വിശദമായ പരിശോധ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
കത്ത് എത്തിച്ചതിനു പിന്നാലെ ജീവനക്കാർ അടക്കം പരിഭ്രാന്തരമായി.
ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി. രണ്ടിലും പാല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്. കത്തുകൾക്കു പിന്നിൽ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണു സംശയം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു പാലായിൽ സ്വീകരണം നല്കിയ ദിവസമാണ് ഭീഷണിക്കത്ത് ലഭിച്ചത്.
എം.വി.ഗോവിന്ദനെയും പാലാ മുനിസിപ്പൽ ചെയർമാനെയും 25 കൗൺസിലർമാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയും പരാമർശങ്ങളുണ്ട്. ‘സിറ്റിസൺസ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്.










