കൊച്ചി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡീപ്പിക്കുകയും ചെയ്ത സംഭവം ക്രൂരവും, ഭീകരവും, നിന്ദ്യവുമാണെന്ന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രതികരിച്ചു. പീഡനങ്ങൾക്കും ക്രൂര കൊലാപാതകങ്ങൾക്കും ഇരകളായി മാറുകയാണ് മണിപ്പൂരിലെ പെൺകുട്ടികൾ. മൃതദേഹങ്ങളോട് പോലും ക്രൂരത കാട്ടുന്നു.
മണിപ്പൂരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങൾക്കെതിരെ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂരിൽ നടന്ന പ്രതിഷേധ സമരം സമിതി സംസ്ഥാന വക്താവ് അഡ്വ. ചാ ർളി പോൾ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, സമിതി മുൻ പ്രസിഡന്റുമാരായ ജോൺസൺ പാട്ടത്തിൽ, കെ.എ പൗലോസ്, ഭാരവാഹികളായ എം.പി. ജോസി, സിസ്റ്റർ ആൻസില, ശോശാമ്മ തോമസ്, കെ.വി.ജോണി, സി.ജോൺകുട്ടി, ചെറിയാൻ മുണ്ടാടൻ, കെ.വി.ഷാ, ജോർജ് ഇമ്മാനുവൽ, കെ.പി. ജോസഫ്, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത് എന്നിവർ പ്രസംഗിച്ചു.