മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിൽ സ്ഥിരീകരിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമല്ല.
സമ്പർക്കത്തിൽ വന്ന 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ലോകത്ത് ആയിരത്തോളം പേരുടെ മരണത്തിനു കാരണമായ മെർസ് വൈറസ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, രോഗ ബാധിതൻ മൃഗങ്ങളുമായി നേരിട്ടു സമ്പർക്കത്തിൽ വന്നിട്ടില്ലെന്നു കണ്ടെത്തി. അൽഐനിൽ താമസിക്കുന്ന 28 വയസ്സുള്ള വിദേശ പൗരനു വൈറസ് ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
2013ൽ ആണ് യുഎഇയിൽ ആദ്യ മെർസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 94 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12 പേർ മരിച്ചു. ലോകത്ത് 2012ൽ ആണ് ആദ്യ മെർസ് ബാധ സ്ഥിരീകരിച്ചത്.
മൊത്തം 2605 പേർക്കാണ് രോഗം ബാധിച്ചത്. 936 പേർ മരിച്ചു. മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് എന്നാണ് മെർസിന്റെ പൂർണരൂപം. അബുദാബി പൊതുജനാരോഗ്യ വിഭാഗം ബോധവൽക്കരണം നടത്തുന്നുണ്ട്. രോഗ ബാധ കണ്ടെത്താനുള്ള പരിശോധനയും ഊർജിതമാക്കി.
പിസിആർ പരിശോധയിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗി ആരോഗ്യ പ്രവർത്തകനല്ല. ഇദ്ദേഹത്തിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകർന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. ഒട്ടകങ്ങളുമായി സമ്പർക്കത്തിൽ വന്നവർക്കാണ് യുഎഇയിൽ മുൻപ് മെർസ് സ്ഥിരീകരിച്ചത്. ഒട്ടകം, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ് വൈറസ് വാഹകരെന്ന് പഠനങ്ങൾ പറയുന്നു.