ഐടി പാർക്കുകൾക്കു പുറമേ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിനു ലൈസൻസ് അനുവദിക്കുന്നതിനു സർക്കാർ അംഗീകാരം നൽകി. വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമിക്കും.
ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിനു ചട്ടഭേദഗതി പുരോഗതിയിലാണെന്ന് മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും. മദ്യവിതരണത്തിന് അനുമതി ഉണ്ടാകില്ല.
സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപനശാലകള്‍ക്കാണ് അനുമതിയുള്ളത്. ഇതിൽ 309 ഷോപ്പുകളാണ് തുറന്നു പ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവയിൽ നിയമപ്രശ്നമില്ലാത്തവ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും.







