പാലാ: നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും ധാരാളം കുട്ടികളും പൊതുജനങ്ങളും എത്തുന്ന നഗരസഭ കുമാരനാശാൻ പാർക്കിൻ്റെ പോരായ്മകൾ പരിഹരിക്കുന്നതിന് വിളിച്ച് ചേർത്ത സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം ചെയർപേഴ്സണും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരും മുനിസിപ്പൽ ഉദ്യേഗസ്ഥരും പാർക്ക് സന്ദർശിച്ച് പോരായ്മകൾ വിലയിരുത്തി.
അടിയന്തരമായി പാർക്ക് വൃത്തിയാക്കുന്നതിനും പെയിൻ്റ് അടിച്ച് മനോഹരമാക്കുന്നതിനും കൂടുതൽ ഗാർഡനിംഗ് നടത്തുന്നതിനും കൊച്ചു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും മഹാകവി കുമാരനാശന് ഉചിതമായ സ്മാരകം സ്ഥാപിക്കുന്നതിനും ആദ്യഘട്ടത്തിൽ മുൻഗണന നൽകും.
രണ്ടാം ഘട്ടത്തിൽ ആധുനിക റൈഡുകളും വിശ്രമകേന്ദ്രവും സ്ഥാപിക്കും. യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു തുരുത്തൻ, ബിജി ജോജോ, മായാ പ്രദീപ്, മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം, മുനിസിപ്പൽ എഞ്ചിനിയർ സിയാദ് എന്നിവർ പങ്കെടുത്തു.