Hot Posts

6/recent/ticker-posts

വലവൂർ വേരനാകുന്നേൽ ജോസഫിനും അന്നക്കുട്ടിക്കും 75-ാം മംഗല്യ നിറവ്



പാലാ: വലവൂർ വേരനാക്കുന്നേൽ ജോസഫി (കുഞ്ഞേപ്പ് - 95) നും സഹധർമ്മണി അന്നക്കുട്ടി (94) ക്കും ഇന്ന് വിവാഹത്തിൻ്റെ 75-ാം വാർഷികം. 1949 ജനു. 25 നായിരുന്നു ഇടവക ദേവാലയമായിരുന്ന വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിയിൽ വച്ച് ജോസഫ് ചേട്ടൻ വയലാ ചന്ദ്രൻ കുന്നേൽ കുടുംബാംഗമായ കളമ്പനായിൽ അന്നക്കുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. മുഴുവൻ സമയ കർഷകനായിരുന്ന കുഞ്ഞേപ്പിന് തുണയായി കൃഷിയിടത്തിൽ എന്നും എപ്പോഴും അന്നക്കുട്ടിയുമുണ്ടായിരുന്നു.

95 തികഞ്ഞിട്ടും രാവിലെ തൻ്റെ കൃഷിയിടത്തിൽ സജീവമാണ് ജോസഫ് എന്ന കുഞ്ഞേപ്പ് ചേട്ടൻ. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായെന്ന് കുഞ്ഞേപ്പ് ചേട്ടൻ പറയുന്നു. ഏതാനും നാളായി അല്പം കേൾവിക്കുറവ് ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല. 94 തികഞ്ഞ അന്നക്കുട്ടി ജീവിതകാലം മുഴുവൻ മരുന്നിനോട് വിട പറഞ്ഞിരിക്കുന്നു. ഇതേ വരെ ഒരു വിധ അസുഖങ്ങളും അന്നക്കുട്ടിയെ പിടികൂടിയിട്ടില്ല. ആശുപത്രിയിൽ പോയ ചരിത്രവുമില്ല. മരുമകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിന് അന്നക്കുട്ടിക്ക് ഇന്നും മടിയില്ല.


ദിവസവും വെളുപ്പിന് പള്ളിയിലേക്ക് പോകുന്ന ശീലമുണ്ട് രണ്ടു പേർക്കും. ഏതാനും നാളുകളായി മക്കളുടെ ഇടപെടലിനെ തുടർന്ന് രാവിലെ വാഹന തിരക്കേറിയ റോഡിലൂടെ നടന്നുള്ള പോക്ക് ഇല്ലാതായി. നാട്ടുകാരെ കണ്ട് വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ കഴിയാത്തതിൽ ഇരുവർക്കും ദുഃഖമുണ്ട്. എന്നാൽ നിരവധി സന്ദർശകർ വീട്ടിലെത്തുന്നതിൽ ഇരുവരും സന്തോഷത്തിലാണ്. കൈ കൂപ്പി അന്നക്കുട്ടി ഇറങ്ങി വന്ന് സന്ദർശകരെ സ്വീകരിക്കുകയാണ് പതിവ്.

പൂർവ്വകാല സ്മരണകൾ പങ്കു വയ്ക്കുവാൻ തുടങ്ങിയാൽ കുഞ്ഞേപ്പിന് നിർത്തുവാൻ മക്കൾ ഇടപെടേണ്ടി വരും. വിവാഹത്തിൻ്റെ (50) ഗോൾഡൻ ജൂബിലി ആഘോഷിച്ച കാര്യവും ഇവർ പറഞ്ഞു. മന്ത്രിയായിരുന്ന മാണിസാറും മററു ജനപ്രതിനിധികളുമെല്ലാമൊത്ത് ഭക്ഷണം കഴിച്ച കാര്യവും കുഞ്ഞേപ്പ് ചേട്ടൻ വിവരിച്ചു. ഏറ്റവും ഇഷ്ടമുള്ള നേതാവ് മാണി സാറായിരുന്നു കുഞ്ഞേപ്പിന്. 1965 മുതൽ മാണി സാറിൻ്റെ യോഗം എവിടെ ഉണ്ടങ്കിലും കുഞ്ഞേപ്പ് അവിടെ കി.മീ. നടന്നെത്തും. ക്ഷേമം അന്വേഷിച്ച് മാണി സാറും ഇടയ്ക്കിടെ വേരനാൽ വീട്ടിൽ എത്തിയിരുന്നതായി ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് മാണിസാറിനു വേണ്ടി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചത് കുഞ്ഞേപ്പ് ഓർമിപ്പിച്ചു. കുഞ്ഞേപ്പ് ചേട്ടനെ അന്വേഷിച്ച് പിതാവിൻ്റെ പാതയിൽ മകൻ ജോസ്.കെ.മാണിയും എത്താറുള്ളതായി അവർ പറഞ്ഞു.



രണ്ടാൾക്കും വായനപ്രിയമാണ് 95 എത്തിയിട്ടും കണ്ണടയില്ലാതെ ദിനപത്രങ്ങൾ കൃത്യമായി വായിച്ചിരിക്കും. വൈകുന്നേരം ടി.വി വാർത്തകളുo സിനിമ ഉൾപ്പെടെ വിനോദ പരിപാടികളും കാണും. കപ്പയും മീനും ഇഷ്ടഭക്ഷണം. ഇന്നും കപ്പ കൃഷി ചെയ്യുന്നുമുണ്ട്. ഇരുവരുo ഒന്നിച്ചിരിക്കുന്ന അവസരത്തിൽ അന്നക്കുട്ടിയുടെ ഭക്തിഗാനാലാപനത്തോടൊപ്പo കുഞ്ഞേപ്പും ചേരും.

ഇവർക്ക് നാലു മക്കളാണുള്ളത്. കൊച്ചുമകളായി 12 പേരും. പൊതു പ്രവർത്തകനും ബിസിനസ്സുകാരനുമായ മകൻ ജോർജിൻ്റെ കൂടെയാണ് താമസം. മേഴ്സി, ലിസി, ഷാൻ്റി എന്നിവരാണ് പെൺമക്കൾ. ഇവരെല്ലാം ഇടവേളകളിൽ എത്തി അന്വേഷിക്കാറുള്ളത് രണ്ടു പേർക്കും ആത്മസംതൃപ്തി നൽകുന്നു. ഇന്ന് നിരവധി പേർ ആശംസ നേരാൻ എത്തിയിരുന്നു. 


രാവിലെ തോമസ് ചാഴികാടൻ എം.പി വിളിച്ച് ആശംസകൾ നേർന്നിരുന്നു. പഞ്ചായത്ത് മെമ്പർ ബെന്നി മുണ്ടത്താനവും പൊതു പ്രവർത്തകനായ ജയ്‌സൺമാന്തോട്ടവും പൂച്ചെണ്ടുമായി എത്തി ആശംസകൾ നേർന്നു. 75-ാം വിവാഹ വാർഷികം മക്കളും കൊച്ചുമക്കളും ചേർന്ന് ബന്ധുമിത്രാദികളെയും ചേർത്ത് ജനു.28 ന് പ്രത്യേക പ്രാർത്ഥനയും ആഘോഷവും നടത്തുകയാണ്. എല്ലാവരും ഒത്തുചേരുന്നതിൻ്റെ തിമിർപ്പിലും ആഹ്ലാദത്തിലുമാണ് ഇരുവരും. ഒന്നിച്ചുള്ള  ആരോഗ്യകരമായ ജീവിതത്തിൻ്റെ സെഞ്ചുറി നേടാനുള്ള ഒരുക്കത്തിലാണ് ഇരുവരും.






Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്