തലയോലപ്പറമ്പ്: തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ സംഘശക്തി തെളിയിച്ച് സിഐടിയു നേതൃത്വത്തിൽ തലയോലപ്പറമ്പിൽ ഉജ്ജ്വലമായ മെയ്ദിന റാലി നടന്നു. സിഐടിയു തലയോലപ്പറമ്പ് ഏരിയ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ആർ ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും ആരംഭിച്ച റാലി നഗരം ചുറ്റി മെയ്ദിന സമ്മേളന നഗരിയായ പാലസ് കൺവെൻഷൻ സെന്ററിൽ അവസാനിച്ചു.
മുത്തുക്കുടകളും, ബാൻഡ് മേളം, ചെണ്ടമേളം, ഗരുഡൻ തൂക്കങ്ങൾ തുടങ്ങിയവ മെയ്ദിന റാലിക്ക് കൊഴുപ്പേകി. വിവിധ ട്രേഡ് യൂണിയനുകൾ അതത് ബാനറിൻ കീഴിലാണ് റാലിയിൽ അണിനിരന്നത്. വർണ്ണാഭമായ മെയ്ദിന റാലിക്ക് ശേഷം ചേർന്ന സമ്മേളനം മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ് എം കെ ഹരിദാസ് അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി കെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം കെ ശെൽവരാജ്, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, സിഐടിയു നേതാക്കളായ കെ ബി രമ, കെ കെ രമേശൻ, കെ എസ് വേണുഗോപാൽ, ടി എൻ സിബി, വി എൻ ബാബു, അബ്ദുൽ സലിം, സി എം രാധാകൃഷ്ണൻ, കെ എസ് സന്ദീപ്, ടി ഷിജു, ആർ രതീഷ്, എ പത്രോസ് എന്നിവർ സംസാരിച്ചു.