Hot Posts

6/recent/ticker-posts

ബ്ലാക്ക് മാൻ ഒരാളല്ല. ലഹരി ഉപയോ​ഗിക്കുന്ന യുവാക്കളുടെ ഒരു സംഘം തന്നെ പിടിയിൽ!


കോഴിക്കോട്∙ നാടിനെ ഭീതിയിലാഴ്ത്തുന്ന ബ്ലാക്മാൻ കഥകൾക്കു പിന്നിൽ മോഷ്ടാക്കളും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമെന്നു പൊലീസ്. രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നഗരപരിധിയിൽ മാത്രം 30 പേരാണ് രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ പൊലീസിന്റെ പിടിയിലായത്. പന്തീരാങ്കാവിൽ പിടിയിലായ യുവാവിന്റെ മുറിയിൽ നിന്നു കറുത്ത മുഖംമൂടിയും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ലോക്ഡൗണായതിനാൽ പകൽ ഒത്തുചേരലും ലഹരിമരുന്നു കൈമാറ്റവും നടക്കാത്തതിനാൽ  രാത്രിയിൽ പുറത്തിറങ്ങുന്നതാണെന്നു പൊലീസ് പറയുന്നു.  മോഷണശ്രമങ്ങളും ഒളിഞ്ഞുനോട്ടവും ഇതിനൊപ്പമുണ്ട്. ബേപ്പൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവാവിന്റെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. മറ്റൊരിടത്ത് ശുചിമുറിയുടെ ഭിത്തിയിൽ  ഒളിക്യാമറ സ്ഥാപിച്ചയാളെയും പൊലീസ് കണ്ടെത്തി.

നഗരത്തിൽ പലയിടത്തും അജ്ഞാതരൂപങ്ങളെ കണ്ടെന്നുള്ള പ്രചാരണം തുടങ്ങിയത് മൂന്നാഴ്ച മുൻപാണ്.  ജനലുകളിലും അടുക്കളവാതിലിലും മുട്ടുക, വാതിൽ തുറക്കുമ്പോൾ ഓടിമറയുക. വീടുകൾക്കു നേരെ കല്ലും വടികളും എറിയുക, പൈപ്പ് തുറന്നിടുക തുടങ്ങിയവയായിരുന്നു അജ്ഞാതരുടെ കലാപരിപാടികൾ.  ഒരേ സമയത്ത് പല സ്ഥലങ്ങളിൽ കണ്ടതിനാൽ ഒന്നിലേറെ ആളുകളുണ്ടെന്നും  കഥകൾ പരക്കുകയായിരുന്നു. ഇതെതുടർന്ന് ഭീതിയിലായ നാട്ടുകാർ രാത്രി ഉറക്കമൊഴിച്ചു കാവൽ നിന്നതോടെ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കപ്പെടുകയായിരുന്നു. ബ്ലാക്മാനെ പിടികൂടാനായി വാട്സാപ് ഗ്രൂപ്പുകൾ വരെയുണ്ടായി. രാത്രിയിൽ ബ്ലാക്മാനെ പിടികൂടാനെന്ന പേരിൽ ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങി കൂട്ടംകൂടി നിന്നവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പൊലീസ് പരിശോധന കർശനമാക്കി.
ഇതേതുടർന്ന് ബേപ്പൂർ,മാറാട്,പന്തീരങ്കാവ്, നല്ലളം, കസബ സ്റ്റേഷൻ പരിധിയിൽ നിന്നാണ് 30 പേരെ പൊലീസ് പിടികൂടിയത്. ഇവർ സ്ഥിരമായി കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നു പൊലീസ് പറയുന്നു. പിടിയിലാകുമ്പോൾ  എല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. 14 നു പാലാഴി ജംക്‌ഷനിൽ പിടിയിലായ  യുവാവിനാണ് ബ്ലാക്മാൻ കഥകളുമായി കൂടുതൽ സാമ്യം. ഇയാളുടെ വാടകമുറിയിൽ നിന്നു കറുത്ത കോട്ടും മുഖംമൂടിയും ലഭിച്ചു. രാത്രി ഇതുമിട്ടു പുറത്തിറങ്ങി നാട്ടുകാരെ പേടിപ്പിക്കാറുണ്ടെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബേപ്പൂരിൽ അർധരാത്രി മാരകായുധങ്ങളുമായി കറങ്ങിനടന്ന യുവാവ് പിടിയിലായത്. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. പിടിയിലായവർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം