വാഷിങ്ടണ്‍: കോവിഡ് 19 നെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി യു.എസ് കമ്പനി. മൊഡേണ എന്ന കമ്പനിയാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ മരുന്ന് വിജയകരമായി പരീക്ഷിച്ചുവെന്ന് അവകാശപ്പെടുന്നത്. മാര്‍ച്ചിലാണ് എട്ട് ആരോഗ്യപ്രവര്‍ത്തകരില്‍ ആദ്യമായ് മരുന്ന് പരീക്ഷിച്ചത്. ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാംഘട്ട പരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന കമ്പനി അവകാശപ്പെട്ടു. ഈ മാസം തന്നെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നല്‍കി കഴിഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിന്‍ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.
ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയതെങ്കിലും ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകള്‍ പരീക്ഷിച്ചപ്പോള്‍ ഒരാളില്‍ വാക്സിന്‍ കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമാണ് ദൂഷ്യഫലമായി പ്രകടമായത്. എന്നാല്‍ ഹൈ ഡോസ് വാക്സിന്‍ പ്രയോഗിച്ച മൂന്നുപേരില്‍ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചുവെന്നും മൊഡേണ മരുന്ന് കമ്പനി പറയുന്നു.
