പാലാ നഗരസഭയിൽ കേരളോത്സവം സമുചിതമായി ആഘോഷിക്കുവാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ഒരുക്കുക, അവരിൽ സാഹോദര്യവും സഹവർത്തിത്വവും വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുവാൻ ഏറെ പര്യാപ്തമാണ് കേരളോത്സവം എന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.
മത്സരത്തിൽ വിജയികളാകുന്നവർക്ക് ജില്ലാ സംസ്ഥാന ദേശീയ തലത്തിൽ മത്സരിക്കാനുള്ള അവസരങ്ങളും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു. 15-40 വയസ്സ് പ്രായപരിധിയിലുള്ള പാലാ നഗരവാസികൾക്ക് ആർട്സ്, സ്പോർട്സ്, ഗെയിംസ് ഇനങ്ങളിൽ മത്സരിക്കുവാൻ അവസരം ഒരുക്കുകയാണ് നഗരസഭ.ഡിസംബർ 5,6,7 എന്നീ തീയതികളിലാണ് പാലാ നഗരസഭയിൽ കേരളോത്സവം നടത്തുന്നത്. നഗരവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ഓർമിപ്പിച്ചു.
5-ാം തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടനവും 11-00 മണിക്ക് മുൻസിപ്പൽ ലൈബ്രറിയിൽ രചനാ മത്സരവും 6- തീയതി ടൗൺഹാളിൽ വച്ച് കലാ മത്സരവും 7- തീയതി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് . രജിസ്ട്രേഷൻ നവംബർ 30- വരെമാത്രം.ക്രിക്കറ്റ് വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, പുഷ്പാലങ്കാരം, കളിമൺ നിർമ്മാണം, ശില്പ നിർമ്മാണം, മാർഗംകളി, തിരുവാതിര,വയലിൻ, ചെണ്ട, കഥാപ്രസംഗം, മിമിക്രി, കാർട്ടൂൺ മത്സരം, ചിത്രരചന, ലളിതഗാനം, നാടോടി നൃത്തം, പ്രസംഗമത്സരം തുടങ്ങി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുന്നതായിരിക്കും.സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടർ നഗരസഭയിൽ തുറന്നിട്ടുണ്ട്.