എരുമേലി: മണ്ഡല തീർഥാടനം ആരംഭിച്ച് ആദ്യ 10 ദിവസം എരുമേലി കെഎസ്ആർടിസി ഡിപ്പോയുടെ വരുമാനം 22.48 ലക്ഷം രൂപ. ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന കളക്‌ഷനെന്ന് അധികൃതർ.
ഇതുവരെ 300 ൽ പരം സർവീസുകളാണ് എരുമേലി ഡിപ്പോ പമ്പയിലേക്കു നടത്തിയത്. പമ്പാ സർവീസിനായി 10 ബസുകളാണ് അനുവദിച്ചിട്ടുള്ളത്. പൊൻകുന്നം ഡിപ്പോയുടെ 2 ബസുകൾ കൂടി എരുമേലിയിൽ നിന്നു സർവീസ് നടത്തുന്നുണ്ട്.
ഭക്തജനത്തിരക്ക് പരിഗണിച്ച് 5 ബസുകൾ കൂടി അധികമായി അനുവദിച്ചു. ഈ ആഴ്ച അവസാനത്തോടെ ബസുകൾ എത്തും. നിലവിൽ വർക്‌ഷോപ് വാഹനവും ലഭിച്ചിട്ടുണ്ട്. 40 ജീവനക്കാരാണു പമ്പാ സർവീസിനായി എരുമേലിയിൽ ഉള്ളത്. മറ്റു ജില്ലകളിൽ നിന്നുള്ള ബസുകളും എരുമേലി ബസ് സ്റ്റാൻഡിൽ എത്തുന്നുണ്ട്.