കോട്ടയം: ജില്ലയില്‍ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കാനായെന്നും ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ ഇതിനോടകം നല്‍കി കഴിഞ്ഞുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
കലക്ടറേറ്റില്‍ നടന്ന ജല ജീവന്‍ മിഷന്‍ പദ്ധതി ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ 4,82,878 വീടുകളാണുള്ളത്. ഇതില്‍ 1,93,163 (40%) പേര്‍ക്കും കണക്ഷനുകള്‍ നല്‍കി.
ജലജീവന്‍ മിഷന്‍ പദ്ധതി തുടങ്ങിയ ശേഷം 83,219 കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 2,89,715 കണക്ഷനുകളാണ് ഇനി നല്‍കാനുള്ളത്. 2024ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലെയും മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും കണക്ഷന്‍ നല്‍കാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ വീടുകള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നല്‍കാന്‍ 3860.34 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. ജില്ലയില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ 89.5 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിച്ചു. 2023 മെയ് മാസത്തോടെ വൈക്കം നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ്. സര്‍ക്കാരിന്‍റെ കീഴിലുള്ള ഭൂമി വിട്ട് നല്‍കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തു നല്‍കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിന് ദേശീയപാത അതോറിട്ടി, വനംവകുപ്പ്, റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളുടെ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ വിവിധ തലത്തിലുള്ള നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാര്‍, പാല മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്കായി മലങ്കരയില്‍ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഇതിന് 1224 കോടി രൂപ ചെലവ് വരും.
ഭാവിയിലേക്കായി മീനച്ചില്‍ റിവര്‍ വാലി പദ്ധതിയും നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30നകം നിയോജക മണ്ഡല അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് സൂക്ഷാംശങ്ങള്‍ ജലവിഭവ മന്ത്രിക്ക് കൈമാറണം. ജനുവരി ആദ്യവാരം ജില്ലയുടെ ചുമതലയുള്ള സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
ജനുവരി അവസാനത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും കോട്ടയം ജില്ലയിലെ ജല ജീവന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ സി.കെ. ആശ, മാണി സി. കാപ്പന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. ജോബ് മൈക്കിള്‍, ജില്ല കലക്‌ടര്‍ ഡോ: പി.കെ. ജയശ്രീ, സബ് കലക്‌ടര്‍ സഫ്‌ന നസറുദീന്‍, സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പത്മകുമാര്‍, ജല അതോറിട്ടി ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എന്‍ജിനീയര്‍ മുഹമ്മദ് സിദ്ധീഖ്, ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എം. രാജേഷ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജല അതോറിട്ടി, പി.ഡബ്ല്യൂ.ഡി. വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.