പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാല മാസാരംഭത്തിന് തുടക്കം കുറിച്ചു. രാവിലെ നാലുമണി മുതൽ നിർമ്മാല്യ ദർശനം, ഗണപതിഹോമം, മറ്റു പൂജകൾ എന്നിവ ആരംഭിക്കും.
മേൽശാന്തി എം വി വിഷ്ണു നമ്പൂതിരി മുണ്ടക്കൊടി ഇല്ലത്തിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാദി കർമ്മങ്ങൾ നടക്കുന്നത്.വൈകുന്നേരം അഞ്ചുമണി മുതൽ ചുറ്റുവിളക്ക്, ഭജന, നാമ സങ്കീർത്തനം എന്നിവ ഉണ്ടായിരിക്കും. പുതിയ ഉത്സവകാലങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുമ്പ് തൃപ്പുലിയന്നൂരാനെ വണങ്ങുവാൻ ഗജരാജാക്കന്മാർ എത്തി.
പല്ലാട്ട് ബ്രഹ്മദത്തൻ, ഈരാറ്റുപേട്ട അയ്യപ്പൻ എന്നീ ഗജവീരന്മാരാണ് പുലിയന്നൂരപ്പന്റെ നടയിൽ എത്തി അനുഗ്രഹം തേടിയത്. വൃശ്ചികമാസം ആരംഭിച്ചതോടെ ഭക്തജനങ്ങൾ വ്രതശുദ്ധിയുടെ കാലത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി ഭക്തജനങ്ങളാണ് രാവിലെ ക്ഷേത്രദർശനത്തിന് എത്തിയത്.