ന്യൂഡല്‍ഹി: കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകള്‍ക്ക് ബഫര്‍ സോണ്‍ വിധിയില്‍ ഇളവനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയില്‍ നിന്ന് സംസ്ഥാനത്തിന് ആശ്വാസകരമായ നിരീക്ഷണമുണ്ടായത്.
ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്ര സര്‍ക്കാരും നല്‍കിയ അപേക്ഷകള്‍ തിങ്കളാഴ്ച്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടു.
അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണെമന്നാണ് ആദ്ദേഹം ആവശ്യപ്പെട്ടത്. അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇതിനോടകം ഇളവ് നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കരട് വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ അതോ രണ്ട് അംഗ ബെഞ്ചിന് തന്നെ ഉത്തരവിറക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും തിങ്കളാഴ്ച്ച തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന അവസ്ഥയില്‍ ആണെന്നും അഭിഭാഷകര്‍ വാദിച്ചു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് ഇന്ന് കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത്.
ജൂണ്‍ മൂന്നിലെ ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കെ. പരമേശ്വര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരുന്നു. എന്നാല്‍, അദ്ദേഹം ഇന്ന് ഭരണഘടനാ ബെഞ്ചിന് മുമ്പാകെ മറ്റൊരു കേസിലായിരുന്നു. അതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകര്‍ ഇന്ന് ഹാജരായിരുന്നില്ല.