തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍ഫ്ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്‍ഫ്ളുവന്‍സയ്ക്ക് പല തരത്തിലുള്ള വകഭേദങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനത്ത് H3N2 വകഭേദം കൂടുന്നതായൊരു കണക്ക് നിലവില്ല. പനി ബാധിതര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കോവിഡിനും എലിപ്പനിയ്ക്കും പുറമെ ഇന്‍ഫ്ളുവന്‍സയുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട് വീണാ ജോര്‍ജ് പറഞ്ഞു.
ഈ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇതു സംബന്ധിച്ച് സാമ്പിളുകള്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പുതിയ വൈറസുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ നിലവില്‍ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
H3N2 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണം സ്ഥിരികരിച്ചിരുന്നു. ഇതിനുപുറമേ എട്ട് H1N1 ഇന്‍ഫ്ളുവന്‍സ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.










