തീക്കോയി ആച്ചൂക്കാവ് ദേവി മഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും മീനപ്പൂര മഹോത്സവവും മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ നടക്കും. വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുങ്ങുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. മാർച്ച് 29 മുതലാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്.
കൊടിക്കയർ കൊടികൂറ ഘോഷയാത്ര, തൃക്കോടിയേറ്റ്, ബാലെ, കളമെഴുത്തു പാട്ട്, കലം കരിക്കൽ, കലശാഭിഷേകം, ഗാനമേള, ആറാട്ട്, വടക്കുപുറത്തു വലിയ ഗുരുതി തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. മാർച്ച് 29 ന് ക്ഷേത്രം തന്ത്രി പൂഞ്ഞാർ ബ്രഹ്മശ്രീ ബാബു നാരായണൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെയും നേതൃത്വത്തിൽ തൃക്കൊടിയേറ്റ് വൈകുന്നേരം 7 ഉം 7.50 നും ഇടയ്ക്ക് നടക്കും.
മറ്റ് പൂജകളും വഴിപാടുകളും മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും. രണ്ടാം ദിവസം അഷ്ടദ്രവ്യ മഹാഗണപതി ഹവനം, മുളപൂജ, കലം കരിക്കൽ, മഹാപ്രസാദമൂട്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ, കളമെഴുത്തു പാട്ട് എന്നിവ ഉണ്ടായിരിക്കും. നാലാം ഉത്സവ ദിനമായ ഏപ്രിൽ 1 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കും ഉത്സവ പരിപാടികൾക്കുമൊപ്പം മനു മങ്കൊമ്പിന്റെ മാജിക് ഷോയും അറങ്ങേറും.
അഞ്ചാം ഉത്സവ ദിനത്തിൽ ഹിടുമ്പൻ പൂജ, പള്ളിവേട്ട തുടങ്ങിയ ചടങ്ങുകൾ നടക്കും. ഗാനമേള, കോമഡി ഷോ എന്നിവ അഞ്ചാം ഉത്സവ ദിനത്തിൽ നടക്കും. ഉത്സവത്തിന്റെ സമാപന ദിവസമായ ഏപ്രിൽ 3 ന് കുംഭകുട ഘോഷയാത്ര, രാവിലെ 8.30 ന് ഗുരുപൂജ കുടുംബയൂണിറ്റ് മാവടിയിൽ നിന്ന് ആരംഭിക്കും.
തിടമ്പേറ്റിയ രഥത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തീക്കോയ് ഗുരുമന്ദിരത്തിൽ എത്തിച്ചേരും. വിവിധ ഘോഷയാത്രകളുമായി സംഗമിച്ചു മഹാഘോഷയാത്രയായി ആച്ചുക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് കുംഭകുട അഭിഷേകം, പകൽപൂരം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും. രാത്രി 9 മണിക്ക് ഗാനമേള, തിരു ആറാട്ട്, ആറാട്ട് എതിരേപ്പ് എന്നിവയും നടക്കും.