ശ്രീ നാരായണ പരമഹംസദേവൻ പുണ്യം പകർന്ന മാന്നാനം വിളിപ്പുറത്തപ്പന്റെ ശ്രീകോവിൽ നിർമാണത്തിനുള്ള തേക്ക് മരം നാളെ (9 ന്) മുറിക്കും. ശാഖായോഗം മുൻ പ്രസിഡന്റ് കുന്നത്തുപറമ്പിൽ അഡ്വ കെ എം സന്തോഷ്കുമാറിന്റെ വീട്ടു മുറ്റത്ത് ആകാശ നീലിമയെ ചുംബിച്ചുനിൽക്കുന്ന തേക്ക് മരമാണ് ക്ഷേത്രം തന്ത്രി സുമോദ് തന്ത്രിയുടെയും വിഷ്ണുശാന്തിയുടെയും പാമ്പാടി സുനിൽ ശാന്തിയുടെയും കാർമ്മികത്വത്തിൽ രാവിലെ 8.50 ന് മുറിക്കുക.
കഴിഞ്ഞ 3ന് രാവിലെ ക്ഷേത്രം മേൽ ശാന്തിയുടെ കാർമികത്വത്തിലും 39- നമ്പർ മാന്നാനം ശാഖ പ്രസിഡന്റ് സജീവ് കുമാർ, സെക്രട്ടറി എൻ കെ മോഹൻദാസ് വൈസ് പ്രസിഡന്റ് ബ്രിജീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുംവൃക്ഷപൂജ നടത്തി മരത്തിന് കാപ്പ് കെട്ടിയിരുന്നു.
മാന്നാനം ഗുരുദേവ ക്ഷേത്രത്തിന് എതിരെയുള്ള റോഡിലൂടെയാണ് വിളിപ്പുറത്തപ്പൻ എന്ന പ്രസിദ്ധമായ കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്ര സങ്കേതത്തിൽ എത്തേണ്ടത്.
ഒരുകാലത്ത് ആരും ശ്രദ്ധിക്കാതെ ദശാബ്ദങ്ങൾ അടഞ്ഞു കിടന്ന ക്ഷേത്രം ഒരു കാലഘട്ടത്തിൽ നിന്നും ഇന്ന് കാണുന്ന സൗകര്യങ്ങളോടെ ക്ഷേത്രമായി മാറിയതിനു പിന്നിൽ നിരവധി അനവധി ആളുകളുടെ കഠിനപ്രയത്നം ഉണ്ട്. 39- ആം നമ്പർ മാന്നാനം എസ്എൻഡിപി ശാഖയുടെ പ്രസിഡന്റ് ആയി അഡ്വ കെ.എം. സന്തോഷ് കുമാറും സെക്രട്ടറി ആയി കെ. ഡി ശശികുമാറും ചാർജ് ഏറ്റെടുത്തതിനുശേഷമാണ് മാന്നാനം കുമാരപുരം ക്ഷേത്രത്തെ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മാന്നാനം വിളിപ്പുറത്തപ്പൻ ക്ഷേത്രം ആയി മാറിയത്.
1999 നവംബർ 1, 2, 3 തീയതികളിലായി നടന്ന പുനരുദ്ധാരണത്തിന് ക്ഷേത്രാചര്യൻ കുറ്റിക്കാറ്റച്ഛൻ ( കെ. കെ. സുരേന്ദ്രൻ കുറ്റിവേലിൽ ) വടയാർ സുമോദ് തന്ത്രികൾ, പാമ്പാടി സുനിൽ ശാന്തികൾ കൊല്ലാട് ബിജു ശാന്തികൾ എന്നിവർ നേതൃത്വം നൽകി.പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് ഇന്നും നിലയ്ക്കാതെ തുടരുന്നു.
അഡ്വ. കെ എം. സന്തോഷ്കുമാർ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് കുമാരപുരം ക്ഷേത്രത്തിന് ചുറ്റുമതിൽ , നമസ്കാര മണ്ഡപം, തിടപ്പള്ളി, മയിലുകൾ, മയിൽശാല എന്നിവയും ക്ഷേത്രത്തിന് ചുറ്റുമുള്ള വസ്തുക്കൾ വാങ്ങിയതും. ഷേത്രത്തിലെ മയിൽ മുട്ടയിട്ടു കുഞ്ഞുങ്ങൾ ഉണ്ടായത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
സുബ്രഹ്മണ്യ സ്വാമിയുടെ മഹനീയ സാന്നിധ്യം ഇവിടെയുണ്ട് എന്നതിന്റെ നേർക്കാഴ്ചയാണ് ഇപ്പോഴും ഇവിടെ വസിക്കുന്ന മയിലിന്റെ സാന്നിധ്യമെന്നാണ് വിശ്വാസം. ഏത് ആപത് ഘട്ടത്തിലും കുമാരപുരത്തപ്പൻ എന്ന വിളിപ്പുറത്തപ്പൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് നിരവധി ആളുകൾക്ക് അനുഭവമുണ്ടെന്ന് അഡ്വക്കേറ്റ് കെ.എം. സന്തോഷ് കുമാർ സാക്ഷ്യപ്പെടുത്തുന്നു.
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും രണ്ടര പതിറ്റാണ്ട് കൊണ്ട് ക്ഷേത്രം മാറി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ധ്യാനം, ജപം എന്നിവ നടത്തുന്നതിന് മനോഹരമായ പൂങ്കാവനം അന്ന് ഒരുക്കിയിരുന്നു. ശ്രീനാരായണ പരമഹംസ ദേവന്റെയും ശിക്ഷ്യ ഗണങ്ങളുടെയും പവിത്രമായ പാദസ്പർശം പതിഞ്ഞ ഈ പുണ്യ ഭൂമിക്ക് പുണ്യ സ്മരണകൾ ഏറെ പറയാനുണ്ടാകും.
കുമാരപുരം ക്ഷേത്രം നാനാജാതി മതസ്ഥരായ ഭക്തരുടെ അഭയ കേന്ദ്രമായി മാറി. ഇന്ന് മാന്നാനം എസ്എൻഡിപി ശാഖയോഗത്തിന്റെ നേതൃത്വത്തിൽ കുമാരപുരം ക്ഷേത്രം സമ്പൂർണ്ണ ക്ഷേത്രം എന്ന നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.











