ന്യൂഡൽഹി: ട്രെയിനിൽ രാത്രി യാത്രയിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഉച്ചത്തിൽ ഫോണിൽ സംസാരിക്കാൻ പാടില്ല, ഇയർഫോണുകളില്ലാതെ പാട്ട് കേൾക്കരുത്, രാത്രി 10ന് ലൈറ്റുകൾ അണയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇതിലുള്ളത്.
ട്രെയിനിനുള്ളിൽ മദ്യപാനം, പുകവലി എന്നിവയും കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിനിലെ രാത്രിയാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടിടിഇ, കാറ്ററിങ് സ്റ്റാഫ്, റെയിൽവെ ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യങ്ങൾ പരിശോധിക്കുകയും യാത്രക്കാർക്ക് ബോധവൽക്കരണം നൽകുകയും വേണം.
രാത്രി പത്തു മണിക്ക് ശേഷം നൈറ്റ് ലൈറ്റ് ഒഴികെ ബാക്കി എല്ലാം ലൈറ്റുകളും ഓഫ് ചെയ്യണമെന്നാണ് നിർദ്ദേശം. സംഘമായി സഞ്ചരിക്കുന്നവരും രാത്രി പത്തിനു ശേഷം ബഹളമുണ്ടാക്കാൻ പാടില്ല. 10 മണിക്കു ശേഷം ഓൺലൈൻ ഭക്ഷണ വിതരണം അനുവദിക്കില്ല. ഇ-കാറ്ററിങ് ഉപയഗിച്ച് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യാമെന്നും നിർദേശത്തിലുണ്ട്.
രാത്രി പത്തിനുശേഷം മിഡിൽ ബെർത്തിലെ സഹയാത്രികനു സീറ്റ് തുറന്നു കിടക്കാൻ ലോവർ ബെർത്തിലെ യാത്രികൻ അനുവദിക്കണം. ട്രെയിനിൽ ലഗേജ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടും റെയിൽവെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.










