പൊള്ളുന്ന ചൂടിനൊപ്പം നോമ്പുകാലം കൂടിയായതോടെ പഴങ്ങളുടെ വിൽപന പൊടിപൊടിക്കുകയാണ്. പകൽ മുഴുവൻ വ്രതാനുഷ്ഠാനത്തിൽ മുഴുകി വൈകീട്ട് നോമ്പുതുറക്കുമ്പോൾ മനസ്സിനും ശരീരത്തിനും തണുപ്പേകുന്നതിന് പഴങ്ങളെയാണ് എല്ലാവരും ആശ്രയിക്കുന്നത്.
നോമ്പുകാലവും ചൂടും ഒരുമിച്ചെത്തിയതോടെ പഴങ്ങളുടെ വിലയും പൊള്ളിത്തുടങ്ങി. ഒരുമാസം മുമ്പ് വരെ വിലകുറഞ്ഞു നിന്നിരുന്ന പഴങ്ങളുടെ വിലയിൽ വൻവർധനവാണുണ്ടായിരിക്കുന്നത്.
50 രൂപയിൽ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന്റെ വില 70 ആയി ഉയർന്നു. പൈനാപ്പിൾ കയറ്റുമതി വർധിച്ചതും ലഭ്യത കുറവുമാണ് വിലവർധിക്കാൻ കാരണം. വലുപ്പം കൂടിയ കറുത്ത മുന്തിരിയും വിപണിയിൽ സുലഭമാണ്. കർണാടകയിൽ നിന്നാണ് മുന്തിരി ഇവിടെ എത്തുന്നത്.
ആപ്പിൾ, (ഗ്രീൻ, തുർക്കി റെഡ്, പിയർ ആപ്പിൾ), അവക്കാഡോ, കിവിപഴം, കറുത്തമുന്തിരി, പച്ചമുന്തിരി, തണ്ണിമത്തൻ എന്നിവയാണ് ഇപ്പോൾ വിപണിയിലുള്ള പ്രധാന പഴങ്ങൾ.