സജി മഞ്ഞക്കടമ്പിൽ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് അനാവശ്യ ആരോപണങ്ങൾ ചാർത്തി വേട്ടയാടിയവർ വീണ്ടും ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
വന്ദ്യ വയോധികനായിരുന്നു ഉമ്മൻചാണ്ടിയെ സ്ത്രീ പീഡന കേസിൽ പോലും അദ്ദേഹത്തിന്റെ പേര് ചാർത്തി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുവെന്നും, മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സിപിഎമ്മും, ഉമ്മൻ ചാണ്ടി ചെയ്തതിനെക്കാൾ മഹത്തരമായ കാര്യങ്ങൾ ചെയ്തുവെന്ന് പറയുന്ന സി പി എം നേതാവ് അനിൽകുമാറും വിവര ദോഷമാണ് പറയുന്നതെന്നും, കെ റ്റി ജയകൃഷ്ണൻ മാസ്റ്ററെ സ്കൂളിൽ കയറി പിഞ്ചുകുട്ടികളുടെ കൺമുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതും, ടി പി ചന്ദ്രശേഖരനെന്ന നേതാവിനെ 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയതുമാണോ സിപിഎം ചെയ്ത മഹത്തരമായ കാര്യമെന്ന് അനിൽകുമാർ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരുന്ന ജനപ്രവാഹം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള പി ആർ വർക്കാണ് എന്ന് പറയുന്ന തരംതാഴ്ന്ന പ്രചരണം അനിൽകുമാർ അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ പതിന്മടങ്ങ് ശക്തനാണ് മരിച്ച ഉമ്മൻചാണ്ടിയെന്ന സിപിഎമ്മിന്റെ തിരിച്ചറിവാണ് ഇത്തരം തരംതാഴ്ന്ന പ്രചാരവേലയ്ക്ക് പിന്നിലെന്നും സജി ആരോപിച്ചു.
പുതുപള്ളിയിൽ സ്ഥാനാർത്ഥി ആകാനുള്ള വേവലാതിയാണ് അനിൽകുമാർ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും, പുതുപ്പള്ളിൽ സി പി എം ന്റെ പരിപ്പ് വേവില്ലെന്നും സജി പറഞ്ഞു.