തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രക്കുളം നവീകരിച്ച് പുനർ നിർമ്മിക്കുന്നതിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുൻകൈയെടുത്ത് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 65 ലക്ഷം രൂപ അനുവദിപ്പിച്ചത് വിനിയോഗിച്ച് ക്ഷേത്രക്കുള നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു.
ക്ഷേത്ര കോമ്പൗണ്ടിൽ ഏകദേശം 22 സെൻറ് സ്ഥലത്ത് 36 മീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലുമാണ് കുളം പുനർ നിർമ്മിക്കുക. ഇത് കൂടാതെ ക്ഷേത്രക്കുളത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ 20 മീറ്റർ നീളത്തിലും, 5 മീറ്റർ ഉയരത്തിലും കൽപ്പടവുകൾ നിർമ്മിക്കും. കൂടാതെ പടവുകളും നിർമ്മിക്കും. ക്ഷേത്ര ആചാരപ്രകാരമുള്ള കർമ്മങ്ങൾക്ക് ആവശ്യമായ അനുബന്ധ നിർമ്മാണങ്ങളും നടത്തും. കുളത്തിൽ അധികമായി വരുന്ന ജലം ഒഴുകി പോകുന്നതിനുള്ള ലീഡിങ് ചാനലും നിർമ്മിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്ര സമിതി പ്രസിഡൻറ് പി.ഡി സുനിൽ ബാബു അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് പൊട്ടനാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ, വാർഡ് മെമ്പർ ഓമന രമേശ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ്കുമാർ പി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കെ.സി, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് മനോജ് ബി നായർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശംഭുദേവ ശർമ്മ വെള്ളൂർ ഇല്ലം, സന്തോഷ് കുമാർ തട്ടാറാകത്ത്, അരുൺ കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.