കോട്ടയം: വർണക്കൂടാരത്തിൻ്റെ നിറശോഭയിൽ ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകൾ. 16 ഇടത്തു കൂടി നടപ്പാക്കിയാൽ പദ്ധതിയില്‍ ജില്ലയ്ക്കു 100 ശതമാനം നേട്ടമാകും.

കുരുന്നുകൾക്ക് ശാസ്ത്രീയ രീതിയിലുള്ള ശിക്ഷണത്തിന് കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമാണ ഇടം, ഇ-ഇടം, പുറം കളിയിടം, അകം കളിയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിട്ടുള്ളത്.
ഓരോ സ്കൂളിലും രണ്ടുലക്ഷം രൂപ ചെലവിട്ട് ടെലിവിഷൻ, സൗണ്ട് സിസ്റ്റം, എൽ.സി.ഡി പ്രൊജക്ടർ, സൗണ്ട് റെക്കോർഡർ എന്നിവയും ഒരു ലക്ഷം രൂപ വിലവരുന്ന കളി ഉപകരണങ്ങളും അനുവദിച്ചു. സ്കൂളുകളുടെ അകവും പുറവും ചുറ്റുമതിലുമെല്ലാം വർണ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി.
2020- 21 അധ്യയന വർഷമാണ് പദ്ധതി ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തില്‍ മൂന്നു സ്കൂളുകളിൽ 15 ലക്ഷം രൂപ വീതം അനുവദിച്ചു. പിന്നീട് ഒരു സ്കൂളിന് പത്തു ലക്ഷം രൂപ വീതവും. ആദ്യ വർഷം ഒരു സ്കൂളിലും അടുത്ത വര്‍ഷം 14 സ്കൂളിലും നടപ്പാക്കി. 2022-23ൽ 30 സ്കൂളിലും 2023-24 ൽ 42 സ്കൂളിലും 2024-25 വർഷം 34 സ്കൂളിലും പദ്ധതി ആരംഭിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടുള്ള പഠന പ്രവർത്തനങ്ങളിലൂടെ വിജ്ഞാന വിപുലീകരണവും സ്വഭാവ രൂപീകരണവും സാധ്യമാകുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
പദ്ധതി നടത്തിപ്പിനായി സ്കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്, വാർഡ് അംഗം, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, പ്രാദേശിക വിദഗ്ധർ, വിദ്യാലയ വികസനസമിതി അംഗങ്ങൾ, സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതികളും രൂപീകരിച്ചിട്ടുണ്ട്.