കോട്ടയം: കേരളത്തിലെ തന്നെ രക്തദാന രംഗത്ത് വിസ്മരിക്കാനാവാത്ത ഒരു പേരാണ് ഷിബു തെക്കേമറ്റത്തിന്റേത്.. കോവിഡ് കാലഘട്ടത്തിൽ തന്നെ, ഈ മാസം ഏപ്രിൽ 8 ന് കോട്ടയം ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ഷിബു തെക്കേമറ്റം രക്തം നൽകുന്ന ചിത്രമാണിത്.. ഒപ്പമുള്ളത് കോട്ടയം ജില്ല കളക്ടർ പി കെ സുധീർ ബാബു, ഡി എം ഒ ഡോ. ജേക്കബ് വർഗീസ്, ജില്ല മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കെ എ പി എസ് ഭാഗവാഹികൾ എന്നിവർ..
1988 ൽ വിദ്യാർത്ഥിയായിരിക്കെ തന്റെ അധ്യാപികയ്ക്ക് രക്തം നൽകിയതൊടെയാണ് ഷിബു എന്ന യുവാവ് രക്തദാനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്.. തുടർന്ന് അതൊരു ജീവിത ദൗത്യമായി മാറ്റുകയായിരുന്നു 32 വർഷം കൊണ്ട് അദ്ദേഹം തന്റെ രക്തം ദാനം ചെയ്തത് 105 തവണയാണ്.!
നൂറിലധികം ആളുകൾക്ക് സ്വയം രക്തം നൽകിയ ഷിബു തെക്കേമറ്റം ആയിരക്കണക്കിന് ആളുകൾക്ക് രക്തം നൽകുന്നതിന് പ്രചോദനവുമായി മാറുകയായിരുന്നു. ലോക് ഡൗൺ കാലത്ത് എല്ലാ ദിവസവും ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും സന്നദ്ധരായവരെ സ്വന്തം വാഹനത്തിൽ കൊണ്ടുപോയി രക്തം നൽകി തിരിച്ചും കൊണ്ടുചെന്നാക്കുന്നുണ്ട്. സാമൂഹ്യ പ്രവർത്തന രംഗത്തെ മികവിനെ അംഗീകരിച്ച് നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് ഇദ്ദേഹം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 2016 ലെ മികച്ച രക്ത ദാതാവിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഐഎംഎ, ലയൺസ് തുടങ്ങിയ സംഘടനകളുടെയും പുരസ്കാരങ്ങൾ ലഭിച്ചു. കേരളത്തിൽ ആദ്യമായി രക്തദാന രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്, ഷിബു തെക്കേമറ്റത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പാലാ ബ്ലഡ് ഫോറം ആണ്. കൂടാതെ ജനമൈത്രി പോലീസിന്റെ ബ്ലഡ് ഫോറങ്ങളുടെ നേതൃത്വവും ഷിബു തെക്കേമറ്റമാണ്.