കൊച്ചി: 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പ്രവാസികള്‍ക്ക് വേണമെന്നുള്ള നിര്‍ദേശത്തില്‍ ഇളവു വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. മേയ് 5നു പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ മാറ്റം വരുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് അംഗീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് കോവിഡ് 19 നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്ര നിലപാട്.
വിമാനമാര്‍ഗം ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തിച്ച പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ നാളെ പൂര്‍ത്തിയാകാനിരിക്കെയാണ് ഇന്ന് അടിയന്തരമായി കേസ് ഹൈക്കോടതി പരിഗണിച്ചത്. ഈ സാഹചര്യത്തില്‍ നിലപാട് അറിയിക്കണമെന്ന ഹൈക്കോടതി ആവശ്യം പരിഗണിച്ചാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പരിശോധനകള്‍ നടത്തി വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഏഴു ദിവസം ക്വാറന്റീനിലാക്കി ഏഴാം ദിവസം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാല്‍ വീടുകളില്‍ ക്വാറന്റീന്‍ ചെയ്യുന്നതിന് അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അതേസമയം കേരളത്തിന്റെ ഈ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അംഗീകരിക്കാനാവില്ലെന്നു കോടതിയെ അറിയിച്ചിരിക്കുന്നത്.