ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ച അവകാശം നിയമ ഭേദഗതി നിലവിൽ വന്നു. ഇതനുസരിച്ച് 2005 സെപ്റ്റംബർ 9-ന് മുമ്പ് അച്ഛൻ മരിച്ച പെണ്മക്കൾക്കും സ്വത്തിൽ തുല്യ അവകാശം ലഭിക്കും. സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ പങ്കാളിത്തം ഉറപ്പു വരുത്തുന്ന 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005-ൽ ഭേദഗതി ചെയ്തിരുന്നു. എന്നാൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015-ൽ ജസ്റ്റിസുമാരായ അനിൽ ആർ. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷൻ 6-ന്റെ അടിസ്ഥാനത്തിൽ ആയിരുന്നു 2015-ലെ വിധി.
എന്നാൽ 2018-ൽ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകൾക്കും പിതാവിന്റെ സ്വത്തിൽ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അതേവർഷം ജസ്റ്റിസുമാരായ ആർ.കെ. അഗർവാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി. വിവിധ രണ്ടംഗ ബെഞ്ചുകൾ വ്യത്യസ്ത വിധികൾ പ്രസ്താവിച്ച സാഹചര്യത്തിൽ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.