കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ഡിസംബര്‍ പത്തിന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണ് കൊച്ചിയിലേതെന്നാണ് സിയാല്‍ അവകാശപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെര്‍മിനിലിന് 40,000 ചതുരശ്രയടിയാണ് വിസ്‍തീര്‍ണം. അഞ്ച് ലക്ഷ്വറി ലൗഞ്ചുകള്‍, വിശാലമായ ബിസിനസ് സെന്‍റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് റൂം, വി.വി.ഐ.പികള്‍ക്ക് വേണ്ടിയുള്ള സേഫ്‍ഹൗസ് സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍. മണിക്കൂറില്‍ 20 യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകുന്ന രീതിയിലാണ് ടെര്‍മിനലിന്‍റെ നിര്‍മ്മാണം.
കേരളത്തിലേക്ക് വരുന്ന ബിസിനസ്, പ്രൈവറ്റ് ജെറ്റുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ചാര്‍ട്ടര്‍ വിമാന മേഖലയിലേക്ക് കടക്കാന്‍ സിയാല്‍ തീരുമാനിച്ചത്. 30 കോടി രൂപ ചെലവഴിച്ച് വെറും പത്ത് മാസത്തിനുള്ളിലാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. ഡൊമസ്റ്റിക്, അന്താരാഷ്ട്ര സര്‍വീസുകള്‍ കൈകാര്യം ചെയ്യാന്‍ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും.
നിലവില്‍ രണ്ട് ടെര്‍മിനലുകളാണ് കൊച്ചി വിമാനത്താവളത്തില്‍ ഉള്ളത്. ടെര്‍മിനല്‍ 1 ഡൊമസ്റ്റിക് സര്‍വീസുകളും ടെര്‍മിനല്‍ 3 അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്നു. മുന്‍പത്തെ ടെര്‍മിനല്‍ 2 ആണ് ഇപ്പോള്‍ ബിസിനസ് ജെറ്റ് ടെര്‍മിനലായി മാറ്റിയത്. പുതിയ ടെര്‍മിനലിന്‍റെ ഉദ്ഘാടനത്തോടെ സ്വന്തമായി പ്രൈവറ്റ് ജെറ്റ് ടെര്‍മിനലുള്ള രാജ്യത്തെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് ഒപ്പം സിയാലും ചേരും.