പാലാ ചാവറ പബ്ളിക് സ്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 5 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ ജോസുകുട്ടി പിടഞ്ഞാറേപീടിക, സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽമാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ, പി ടി എ വൈസ് പ്രസിഡൻ്റ് ഡോ ഷീന എന്നിവർ പ്രസംഗിക്കും. സ്കൂളിൻ്റെ ഉപഹാരം പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് ഗവർണർക്ക് സമ്മാനിക്കും.
ജൂബിലി ലോഗോ ചലച്ചിത്രതാരം സുരേഷ് ഗോപി പ്രകാശനം ചെയ്യും. ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ട് ഡിസംബർ 3ന് ലഹരിക്കെതിരെ ബോധവൽക്കരണ വിളംബരജാഥ പാലായിൽ സംഘടിപ്പിക്കും. രാവിലെ 9 ന് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ജൂബിലി വിളംബര ജാഥ ജോസ് കെ മാണി എം പി ഫ്ലാഗ് ഓഫ് ചെയ്യും. മുൻ പ്രിൻസിപ്പൽ ഫാ ഇമ്മാനുവേൽ പഴയപുര സന്ദേശം നൽകും. തുടർന്നു ചാവറ സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. റാലിയിൽ സ്കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും റാലിയിൽ പങ്കെടുക്കും.
ജൂബിലിയുടെ ഭാഗമായി 'മനുഷ്യൻ്റെ മാത്രമല്ല ഭൂമി' എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി വിപുലമായ ക്യാൻവാസിൽ ഒരേ സമയം 25 ചിത്രകാരന്മാരും അവർക്കൊപ്പം സ്കൂളിലെ കുട്ടികളും മാതാപിതാക്കളും ചിത്രങ്ങൾ വരയ്ക്കും. ഇതോടൊപ്പം കുട്ടികളെക്കുറിച്ചുള്ള ലോകോത്തര ചലച്ചിത്രമേളയും സംഘടിപ്പിക്കും. ചലച്ചിത്രമേള ചലച്ചിത്രതാരം ബാബു ആൻ്റണി ഉദ്ഘാടനം ചെയ്യും.
ജനുവരി മാസത്തിൽ ഐ എസ് ആർ ഒ ഒരുക്കുന്ന സ്പേസ് എക്സിബിഷൻ, ഭാരത ചരിത്രത്തെക്കുറിച്ചു ഫോട്ടോ പ്രദർശനം, കുട്ടികൾക്കായുള്ള മത്സരങ്ങൾ മുതലായവയും സംഘടിപ്പിക്കും. പി ടി എ ഭാരവാഹികളായ രാജൻ കൊല്ലംപറമ്പിൽ, എബി ജെ ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.