41-മത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. കോട്ടയം ജില്ലാ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെ അഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.
മാണി സി കാപ്പൻ എം എൽ എ കായികമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 35 വയസിനു മുകളിൽ പ്രായമുള്ള ആയിരത്തോളം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
100 മുതൽ പതിനായിരം മീറ്റർ വരെ ഓട്ടം, പോൾവോട്ട്, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഡിസ്കസ് ത്രോ, ജാവലിൻത്രോ തുടങ്ങി നിരവധി മത്സരങ്ങളാണ് മേളയിൽ ഉള്ളത്. രാവിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ ശങ്കരപിള്ള, അധ്യക്ഷനായിരുന്നു.
മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർ തോമസ് പീറ്റർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജൻ ജോസഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ ലോക മാസ്റ്റേഴ്സ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവ് ജോൺ പി എസ്, കായിക പരിശീലകൻ ജോസഫ് മനയാനി, അൽഫോൻസാ കോളേജ് കായിക മേധാവി തങ്കച്ചൻ മാത്യു, പാലാ ജമ്പ്സ് അക്കാദമി പരിശീലകൻ സതീഷ് കുമാർ കെ പി എന്നിവരെ ആദരിച്ചു. മേള നാളെ സമാപിക്കും.