വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടത്തിയ കാര്‍ത്തിക പൊങ്കാല ഭക്തിനിര്‍ഭരമായി. കാവിന്‍പുറത്തമ്മയ്ക്കും മഹേശ്വരനും പൊങ്കാല അര്‍പ്പിക്കാന്‍ വ്രതശുദ്ധിയോടെ നിരവധി സ്ത്രീകളാണെത്തിയത്.
ഇന്ന് (ഡിസംബർ 7) രാവിലെ 8 മണിയോടെ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നിപകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് ആരംഭമായത്. മന്ത്രോച്ചാരണങ്ങളോടെയാണ് ഭക്തര്‍ ഉമാമേഹശ്വരന്‍മാര്‍ക്ക് പായസ പൊങ്കാല സമര്‍പ്പിച്ചത്.
കാര്‍ത്തിക ദിനത്തോടനുബന്ധിച്ച് രാവിലെ മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ഉമാമഹേശ്വര പൂജ എന്നിവ നടന്നു. തുടര്‍ന്ന് നടന്ന പൊങ്കാലയ്ക്ക് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി തീര്‍ത്ഥം തളിച്ച് ഉമാമഹേശ്വരന്‍മാര്‍ക്ക് നിവേദിച്ചു.
വൈകിട്ട് കാവിന്‍പുറം കാണിക്കമണ്ഡപം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച നാരങ്ങാവിളക്ക് ഘോഷയാത്രയിലും നിരവധി ഭക്തര്‍ പങ്കെടുത്തു. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം കാര്‍ത്തിക ദീപം തെളിക്കല്‍, വിശേഷാല്‍ ദീപാരാധന എന്നിവയുമുണ്ടായിരുന്നു.
പരിപാടികള്‍ക്ക് കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ റ്റി എന്‍ സുകുമാരന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മി നിവാസ്, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ശിവദാസ് തുമ്പയില്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി ജി വിജയകുമാര്‍, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ആര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.