തിരുവനന്തപുരം: പതിനാലുകാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍.പാറശ്ശാല കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പർ വൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശന്‍ (55) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെയാണ് ഇയാള്‍ നിര്‍ബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയത്.
ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ പതിനാലുകാരിയായ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മൂന്നിന് കേസെടുത്തു.
പെണ്‍കുട്ടിയുടെ സമൂഹ മാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്തു എത്തുകയായിരുന്നു.